നേമം: തളിയലിൽ നിന്നും ബുള്ളറ്റ് മോഷ്ടിച്ച കേസിൽ രണ്ട് പ്ളസ് ടു വിദ്യാർത്ഥികളെ കരമന പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ടാണ് തളിയൽ സ്വദേശി വിഷ്ണുവിന്റെ ബുള്ളറ്റ് മോഷണം പോയത്. തളിയൽ എക്സൈസ് ഓഫീസിന് സമീപത്തെ സുഹൃത്തിന്റെ വീട്ടിൽ വിഷ്ണു പോയിരുന്നു. വീടിന്റെ മുറ്റത്ത് ബുള്ളറ്റ് വച്ച ശേഷം സുഹൃത്തിനെ കണ്ട് മടങ്ങിയെത്തിയപ്പോൾ വണ്ടി കാണാതാവുകയായിരുന്നു. താക്കോലും വണ്ടിയിലുണ്ടായിരുന്നു. തുടർന്ന് വിഷ്ണു കരമന പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ എക്സൈസ് ഓഫീസിന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് രണ്ട് വിദ്യാർത്ഥികൾ ബുള്ളറ്റിൽ പോകുന്ന ദൃശ്യം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും കിള്ളിപ്പാലത്തെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന വിവരവും പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥികളെ ബുള്ളറ്റിനൊപ്പം വർക്കലയിൽനിന്ന് പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് പേരെയും തിരുവനന്തപുരത്തെത്തിച്ചു. മോഷ്ടിക്കുന്ന ബുള്ളറ്റുകൾ വർക്കലയിലെ ഒരു ആക്രിക്കച്ചവടക്കാരന് മറിച്ചു വിൽക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ബുള്ളറ്റ് മോഷ്ടിച്ച ശേഷം വിവരം ആക്രിക്കച്ചവടക്കാരനെ അറിയിക്കുകയും അയാളെത്തി വാഹനം പൊളിച്ച് ശേഷം ലോറികളിലൂടെ തമിഴ്നാട്ടിലേക്ക് രഹസ്യമായി കടത്തുകയുമാണ് പതിവ്. ബുള്ളറ്റ് മോഷ്ടിച്ച വിവരം ആക്രിക്കച്ചവടക്കാരനെ മോഷ്ടാക്കൾ അറിയിച്ചെങ്കിലും അയാൾ എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും പൊലീസ് വലയിലായി. ഒരു ബൈക്ക് മോഷ്ടിച്ച് കടത്തിയാൽ 10,000 രൂപ മുതൽ 15,000 രൂപവരെ ഇവർക്ക് ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. മോഷണത്തിന് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായും ഇരുവരും സംഘത്തിലെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.