cpm-office-raided

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തിൽ, ഡി.സി.പിയുടെ ചുമതല വഹിച്ചിരുന്ന എസ്.പി ചൈത്ര തെരേസ ജോണിന് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണ റിപ്പോർട്ട്. എ.ഡി.ജി.പി മനോജ് ഏബ്രാഹാം ഇന്നലെ രാത്രിയാണ് പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിക്കു സമർപ്പിച്ചത്.

പരിശോധനയ്ക്കു മുമ്പ് സെർച്ച് മെമ്മോയും സെർച്ച് വാറന്റും നല്കുന്നതിൽ ചൈത്രയ്ക്ക് വീഴ്ച സംഭവിച്ചു. പരിശോധനയ്ക്കു ശേഷം സെർച്ച് ലിസ്റ്റ് കൊടുക്കുമ്പോൾ, പാർട്ടി ഓഫീസിലുണ്ടായിരുന്ന രണ്ടു പേരെയും പുറത്തു നിന്നുള്ള രണ്ടു പേരെയും സാക്ഷ്യപ്പെടുത്തി ഒപ്പു വാങ്ങാതിരുന്നതും വീഴ്ചയായെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ചടങ്ങൾ പാലിച്ചായിരുന്നു റെയ്ഡ് എന്നാണ് ചൈത്ര അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വിശ്വസനീയ വിവരമനുസരിച്ചായിരുന്നു പരിശോധന. കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴിയെടുക്കുന്നതിനിടെ അവർക്കു ലഭിച്ച ഫോൺകാളിൽ നിന്ന് പ്രതികൾ പാർട്ടി ഓഫിസിലുണ്ടെന്നു വ്യക്തമായി. പരിശോധനയ്ക്കു പിന്നാലെ കോടതിയിൽ സമർപ്പിച്ച സെർച്ച് റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈത്രയുടെ റിപ്പോർട്ടിൽ പറയുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡിൽ പങ്കെടുത്ത പൊലീസുകാരിൽ നിന്നു കൂടി മെഴിയെടുത്ത ശേഷമാണ് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചത്.

വെള്ളിയാഴ്ച, സി.പിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിക്കു നൽകിയ പരാതി വകുപ്പുതല അന്വേഷണത്തിനു നിർദേശിച്ച് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ചൈത്ര തെരേസ ജോണും പൊലീസ് സംഘവും ജില്ലാ കമ്മിറ്റി ഓഫിസിലെത്തി പരിശോധന നടത്തിയത്. മുറികളും ബാത്ത് റൂമും പരിശോധിച്ച സംഘം അഞ്ചു മിനിറ്റിനുള്ളിൽ പുറത്തിറങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പരിശോധന നടത്തിയതിന്റെ അടുത്ത ദിവസം ഡി.സി.പിയുടെ ചുമതലയിൽ നിന്ന് ചൈത്ര തെരേസ ജോണിനെ ഒഴിവാക്കിയിരുന്നു.
പോക്‌സോ കേസിൽ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ കാണാൻ അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷനു നേരെ കല്ലേറു നടത്തിയിരുന്നു. ഇവരെ തേടിയായിരുന്നു റെയ്ഡ്. നേരത്തേ എസ്.ബി.ഐ ആക്രമണ കേസിൽ എൻ.ജി.ഒ യൂണിയൻ നേതാക്കളെ അറസ്റ്റ് ചെയ്തതും ഡി.സി.പിയായിരുന്ന ചൈത്രയുടെ നിർദേശപ്രകാരമാണ്.

ഐ.പി.എസുകാർക്ക് അതൃപ്തി
ജോലിയുടെ ഭാഗമായി പാർട്ടി ഓഫീസിൽ പരിശോധന നടത്തിയ ചൈത്ര തെരേസ ജോണിന് എതിരായ വകുപ്പുതല അന്വേഷണത്തിൽ ഐ.പി.എസ് അസോസിയേഷന് കടുത്ത അതൃപ്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചൊൽപ്പടിക്കു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അസോസിയേഷന്റെ ആരോപണം. പാർട്ടി ഓഫിസിൽ പരിശോധന നടത്താനുള്ള ഡി.സി.പിയുടെ നീക്കം പൊലീസ് അസോസിയേഷൻ ഭാരവാഹികൾ നേരത്തേ ചോർത്തി നൽകിയതായും ആരോപണമുണ്ട്.