ജക്കാർത്ത : ഫൈനലിൽ എതിരാളിയായിരുന്ന കരോളിൻ മാരിൻ ഗ്രൗണ്ടിൽവീണ് പരിക്കേറ്റ് പിൻമാറിയതിനെത്തുടർന്ന് ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടി.
ഇന്നലെ ജക്കാർത്തയിൽ നടന്ന മത്സരത്തിന്റെ ആദ്യഗെയിമിൽ 10-4ന് മുന്നിട്ടുനിൽക്കവേയാണ് കരോളിനയ്ക്ക് അപകടമുണ്ടായത്. സൈനയുടെ ഒരു ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണുപോയ മാരിന് പിന്നീട് കളി തുടരാൻ കഴിഞ്ഞില്ല. മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള താരമാണ് മാരിൻ.
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈന ഒരു ബി.ഡബ്‌ള്യു.എഫ് ടൂർണമെന്റിൽ കിരീടം നേടുന്നത്. 2017 ലെ മലേഷ്യ മാസ്റ്റേഴ്സിലായിരുന്നു ഇതിന് മുമ്പ് കിരീടം നേടിയിരുന്നത്. കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിരുന്ന സൈന ഡെൻമാർക്ക് ഒാപ്പൺ. ഇന്തോനേഷ്യ മാസ്റ്റേഴ്സ്, സെയ്‌ദ് മോഡി ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഫൈനലിലെത്തുകയും ചെയ്തിരുന്നു.
'കളിക്കിടയിൽ പരിക്കേൽക്കുന്നതിന്റെ വേദനയും നഷ്ടവും എനിക്ക് നന്നായി അറിയാം. കഴിഞ്ഞ കുറേ വർഷങ്ങളായി പരിക്കുകളോട് പോരാടുന്നയാളാണ് ഞാൻ. കരോളിന വേഗം സുഖം പ്രാപിച്ച് കോർട്ടിലേക്ക് തിരിച്ചെത്തെട്ടെയെന്ന് പ്രാർത്ഥിക്കുന്നു."
സൈന നെഹ്‌വാൾ