india-newzealand-cricket
india newzealand cricket

മൗണ്ട് മൗംഗാനൂയി : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് മൗണ്ട് മൗംഗാനൂയിയിൽ നടക്കും. കഴിഞ്ഞദിവസം ഇതേ വേദിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 90 റൺസിന് ജയിച്ച് പരമ്പരയിൽ 2-0 ത്തിന് മുന്നിലെത്തിയിരുന്നു.ഇന്ന് കൂടിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. പരമ്പര കൈവിടാതിരിക്കാൻ ആതിഥേയർക്കുള്ള അവസാന അവസരമാണിത്.

ആസ്ട്രേലിയയിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ നേടിയശേഷം കിവീസിലേക്കെത്തിയ ഇന്ത്യ പ്രതീക്ഷപോലെയൊരു വെല്ലുവിളി ഉയർത്താൻ ആതിഥേയർക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കഴിഞ്ഞിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലും മികവ് കിട്ടാൻ ഇന്ത്യയ്ക്കാവുകയും ചെയ്തു. ആദ്യമത്സരത്തിൽ പേസർ ഷമിയായിരുന്നു വജ്രായുധമെങ്കിൽ രണ്ടാം ഏകദിനത്തിൽ കുൽദീപും ചഹലും ചേർന്ന് കിവീസ് ബാറ്റിംഗ് നിരയെ തകർക്കുകയായിരുന്നു. ബാറ്റ്സ്മാൻമാർ ഫോമിലേക്ക് ഉയരാത്തതാണ് കിവീസിന്റെ പ്രശ്നം.

രണ്ടാം ഏകദിനം ഇങ്ങനെ

ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഒാവറിൽ 324/4 എന്ന സ്കോർ ഉയർത്തി.

രോഹിത് ശർമ്മ (87), ശിഖർ ധവാൻ (66) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി.

വിരാട് കൊഹ്‌ലി (43), അമ്പാട്ടി റായ്ഡു (47), ധോണി (48 നോട്ടൗട്ട്), കേദാർ യാദവ് (22) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

മറുപടിക്കിറങ്ങിയ കിവീസ് 40.2 ഒാവറിൽ 234 ന് ആൾ ഒൗട്ടായി.

കുൽദീപ് നാല് വിക്കറ്റും ചഹലും ഭുവനേശ്വറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രോഹിത് ശർമ്മയായിരുന്നു മാൻ ഒഫ് ദ മാച്ച്.

പാണ്ഡ്യ ഇറങ്ങുന്നു

ടെലിവിഷൻ ടോക് ഷോയിലെ വിവാദ പരാമർശത്തിന്റെ പേരിൽ വിലക്കപ്പെട്ടിരുന്ന ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് മത്സരംകൂടിയാകുമിത്. പാണ്ഡ്യ ഇന്ന് പ്ളേയിംഗ് ഇലവനിൽ ഉണ്ടാകുമെന്നാണ് സൂചന

കൊഹ്‌ലി ഇൗ കളികൂടി

ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ അവസാന മത്സരമായിരിക്കും ഇത്. അവസാന രണ്ട് ഏകദിനങ്ങളിൽ കൊഹ്‌ലിക്ക് വിശ്രമം നൽകിയിരിക്കുകയാണ്.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ: രോഹിത്, ശിഖർ, കൊഹ്‌ലി അമ്പാട്ടി, കേദാർ,​ ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ്, ഭുവനേശ്വർ, ഷമി, ചഹൽ.

ന്യൂഡൽഹി : ഗപ്ടിൽ , മൺറോ, കേൻ വില്യംസൺ, ടെയ്‌ലർ, ലെതാം, നിക്കോൾസ്, സാന്റ്നർ, ബ്രേസ്‌വെൽ, സോധി, ഫെർഗൂസൺ, ബൗൾട്ട്.

ടി.വി ലൈവ് : രാവിലെ 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ

കിവീസ് പൊലീസിന്റെ ട്രോൾ

ഇന്ത്യ ന്യൂസിലൻഡിനെ ആദ്യരണ്ട് ഏകദിനങ്ങളിലും തകർത്തപ്പോൾ ന്യൂസിലൻഡിലെ ഇൗസ്റ്റേൺ ഡിസ്ട്രിക്ട് പൊലീസ് ഫേസ് ബുക്കിലിട്ട പോസ്റ്റ് കൗതുകമാകുന്നു.

കുറച്ച് ഇന്ത്യക്കാർ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം നിഷ്‌കളങ്കരയ ന്യൂസിലൻഡുകാരെ അവർ തച്ചുതകർത്തു. ബാറ്റും ബാളുമായി അവരുടെ മുന്നിൽച്ചെന്ന് പെടാതെ സൂക്ഷിക്കുക" എന്നായിരുന്നു ട്രോൾ പോസ്റ്റ്.