viji

തിരുവനന്തപുരം: നിയമവിരുദ്ധമായി ഹാരിസൺ കൈയടക്കി വച്ചിട്ടുള്ളതും നിയമവിരുദ്ധമായി വില്പന

നടത്തിയതുമായ ഭൂമിയിൽ നിന്നും കരം പിരിക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം.സുധീരന്റെ കത്ത്.

കൃത്രിമ രേഖകളുടെ ബലത്തിൽ ഹാരിസൺ ഭൂമി വില്പന നടത്തി സർക്കാരിന് വൻ നഷ്ടം വരുത്തിയെന്ന ക്രിമിനൽ കുറ്റങ്ങൾക്കെതിരെ വിജിലൻസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ സുപ്രീംകോടതി വരെ അംഗീകരിച്ചതാണ്.

ഈ കേസുകളുടെ തുടർ നടപടികൾ മുന്നോട്ടു പോയി കൊണ്ടിരിക്കുമ്പോഴാണ് ഈ കേസിലുൾപ്പെട്ട ക്രിമിനൽ കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയിൽ ഇപ്പോഴത്തെ നീക്കമെന്നും കത്തിൽ പറയുന്നു.

ഹാരിസണിന് എതിരായ കേസിൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മനപ്പൂർവം തോറ്റുകൊടുത്ത സർക്കാർ ഇപ്പോൾ ഈ നീക്കവുമായി വന്നിട്ടുള്ളത് ഇക്കൂട്ടരുടെ ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചു നൽകുന്നതിനാണെന്നും സുധീരൻ പറഞ്ഞു.

ഹാരിസൺ ഉൾപ്പടെയുള്ളവരുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നിയമ വകുപ്പ് സെക്രട്ടറിയും റവന്യു വകുപ്പ് സെക്രട്ടറിയും നടത്തുന്ന നീക്കങ്ങൾ സർക്കാരിലെ ഉന്നതരുടെ അറിവോടെയാണെന്നതിൽ സംശയമില്ലെന്നും കത്തിൽ പറയുന്നു.