ഫൈനലിൽ റാഫേൽ നദാലിനെ കീഴടക്കിയത് 6-3, 6-2, 6-3ന്
മെൽബൺ : സാക്ഷാൽ റാഫേൽ നദാലിനെ നിരായുധനാക്കിയ മൂന്ന് സെറ്റുകൾ. നൊവാക്ക് ജോക്കോവിച്ച് എന്ന കോർട്ടിലെ തമാശക്കാരന്റെ കൈയിലേക്ക് വന്നെത്തിയ തുടർച്ചയായ മൂന്നാം ഗ്രാൻസ്ളാം കിരീടം. ഇന്നലെ മെൽബണിൽ ഇൗവർഷത്തെ ആസ്ട്രേലിയൻ ഒാപ്പൺ ടെന്നിസിന് തിരശീല വീഴുമ്പോൾ ചരിത്രത്തിൽ തന്റെ പേര് അടയാളപ്പെടുത്തുകയായിരുന്നു നൊവാക്ക് .
ഇന്നലെ റോഡ് ലാവർ അരീനയിൽ റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി നൊവാക്ക് നേടിയത് തന്റെ ഏഴാമത്തെ ആസ്ട്രേലിയൻ ഒാപ്പൺ സിംഗിൾസ് കിരീടമാണ്. രണ്ട് മണിക്കൂർ നാല് മിനിട്ട് മാത്രം നീണ്ട മത്സരത്തിൽ 6-3, 6-2, 6-3 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ കിരീടധാരണം. ഇതോടെ ആറ് തവണ വീതം ഇവിടെ ജേതാക്കളായിട്ടുള്ള റോജർ ഫെഡററുടെയും റോയ് എമേഴ്സണിന്റെയും ചരിത്രം തിരുത്തിയെഴുതപ്പെട്ടു. 31 കാരനായ നൊവാക്ക് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആസ്ട്രേലയിൽ കിരീടമുയർത്തുന്നത്.
2008 ൽ ഇതേ വേദിയിൽ ജോ വിൽഫ്രഡ് സോംഗയെ ഫൈനലിൽ കീഴടക്കി കന്നിക്കിരീടം നേടിയിരുന്ന നൊവാക്ക് 2011, 12, 13, 15, 16 വർഷങ്ങളിൽകൂടി ജേതാവായി.
കഴിഞ്ഞ രണ്ട് ഗ്രാൻസ്ളാമുകളിലും നൊവാക്കായിരുന്നു ജേതാവ്. 2016ൽ ഫ്രഞ്ച് ഒാപ്പൺ നേടിയതിന് ശേഷം പരിക്കും ശസ്ത്രക്രിയയുമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന നൊവാക്ക് 2018 ൽ വിംബിൾഡൺ സ്വന്തമാക്കിയാണ് കിരീട ലോകത്തേക്ക് തിരികെയെത്തിയത്. തുടർന്ന് നടന്ന യു.എസ് ഒാപ്പണിലും ജേതാവായി. ഇക്കുറി ഫൈനലിലെത്തുന്നതുവരെ നാല് ഗെയിമുകൾ മാത്രമാണ് നഷ്ടമാക്കിയത്.
ഒന്നാം റാങ്കുകാരൻ നൊവാക്കും രണ്ടാം റാങ്കുകാരൻ നദാലും തമ്മിലുള്ള കലാശപ്പോരാട്ടം പ്രതീക്ഷിച്ച ആവേശത്തിലേക്ക് ഉയർന്നില്ല എന്നതാണ് സത്യം. നൊവാക്കിന്റെ തകർപ്പൻ സർവുകൾക്ക് മുന്നിൽ നദാലിന് സ്വതസിദ്ധമായ ഫോർഹാൻഡ് ഷോട്ടുകൾ പുറത്തെടുക്കാൻ പോലും കഴിഞ്ഞില്ല. ആദ്യ രണ്ട് ഗെയിമുകൾ കഴിഞ്ഞപ്പോൾത്തന്നെ നൊവാക്ക് കിരീടത്തിൽ മുത്തമിടുമെന്ന് കാണികൾ ഉറപ്പിച്ചിരുന്നു. അവസാന സെറ്റിൽ തിരിച്ചുവരാനുള്ള നദാലിന്റെ ശ്രമത്തെ സർവ് ബ്രേക്ക് ചെയ്ത് നൊവാക്ക് നിഷ്‌ഫലമാക്കി.
ഇന്നലെ നടന്ന പുരുഷ ഡബിൾസ് ഫൈനലിൽ ഫ്രാൻസിന്റെ പിയറി ഹെർബർട്ട് നിക്കോളാസ് മാഹുത് സഖ്യം കിരീടം നേടി. ഫൈനലിൽ ഹെൻറി കോൺട്രിനെൻ ജോൺ പിയേഴ്സ് സഖ്യത്തെ 6-4, 7-6നാണ് ഹെർബർട്ട് മാനുത് സഖ്യം കീഴടക്കിയത്.
കഴിഞ്ഞദിവസം നടന്ന മിക്സഡ് ഡബിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളികിന്റെ ബാർബോറ ക്രായിസിക്കോവ -അമേരിക്കയുടെ രാജീവ് റാം സഖ്യം കിരീടം നേടി ഫൈനലിൽ അസ്ത ശർമ്മ-ജോൺ സ്മിത്ത് സഖ്യത്തെ 7-6, 6-1നാണ് ക്രായിസിക്കോവ-രാജീവ് റാം സഖ്യം കീഴടക്കിയത്.
ആസ്ട്രേലിയയുടെ സമന്ത സ്റ്റോസർ-ചൈനയുടെ ഷുവായ് ചാംഗ് സഖ്യത്തിനാണ് വനിതാ ഡബിൾസ് കിരീടം. ഫൈനലിൽ ടിമിയ ബാബോസ്-മ്ളാഡനോവിച്ച് സഖ്യത്തെ 6-3, 6-4നാണ് ഇവർ കീഴടക്കിയത്.
15
നൊവാക്കിന്റെ പതിനഞ്ചാമത് ഗ്രാൻസ്ളാം കിരീടമാണിത്. ഇതോടെ പീറ്റ് സാംപ്രസിന്റെ ഗ്രാൻസ്ളാം കിരീട ഉയരത്തിനൊപ്പം നൊവാക്ക് എത്തുകയും ചെയ്തു.
20
ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള റോജർ ഫെഡററാണ് ഇക്കാര്യത്തിൽ നിലവിലെ റെക്കാഡുകാരൻ. നദാൽ 17 ഗ്രാൻസ്ളാം കിരീടങ്ങളുമായി രണ്ടാംസ്ഥാനത്താണ്.
53
നൊവാക്കും നദാലും തമ്മിലുള്ള 53-ാമത്തെ മത്സരമായിരുന്നു ഇത്. ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത് എട്ടാം തവണയും.
28
നദാലിനെതിരെ നൊവാക്കിന്റെ 28-ാമത്തെ വിജയമായിരുന്നു ഇത്. നദാൽ 25 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
2012
ആസ്ട്രേലിയൻ ഒാപ്പൺ ഫൈനലിൽ ഇതിന് മുമ്പ് നദാലും നൊവാക്കും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 5 മണിക്കൂറും 53 മിനിട്ടുമെടുത്ത, ഗ്രാൻസ്ളാം ഫൈനൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിൽ നൊവാക്കിനായിരുന്നു വിജയം.
ഇൗ പ്രായത്തിലും ഗ്രാൻസ്ളാം ടൂർണമെന്റിന്റെ ഫൈനലിൽ കളിക്കാനും ജയിക്കാനും കഴിയുന്നത് അതിശയമായി തോന്നുന്നു.
നൊവാക്ക് ജോക്കോവിച്ച്
നൊവാക്കിന്റെ
ഗ്രാൻസ്ളാമുകൾ
ആസ്ട്രേലിയൻ ഒാപ്പൺ
2008, 2011, 2012, 2013, 2015, 2016,2019.
ഫ്രഞ്ച് ഒാപ്പൺ
2016
വിംബിൾഡൺ
2011, 2014, 2015, 2018
യു.എസ് ഒാപ്പൺ
2011, 2015, 2018.
വനിതകളിൽ നവോമി
ഫൈനലിൽ കീഴടക്കിയത് പെട്രക്വിറ്റോവയെ
ലോക ഒന്നാംനമ്പർ സ്ഥാനവും നവോമിക്ക്
മെൽബൺ: ആസ്ട്രേലിയൻ ഒാപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്. ഫൈനലിൽ എട്ടാം സീഡുകാരി ചെക്ക് റിപ്പബ്ളിക്കിന്റെ പെട്രോ ക്വിറ്റോവയെ മൂന്ന് സെറ്റു നീണ്ടപോരാട്ടത്തിൽ 7-6, (7/2)(, 5-7, 6-4ന് കീഴടക്കി ലോക ഒന്നാം നമ്പർ പട്ടവും നവോമി നേടിയെടുത്തു.
നവോമിയുടെ ആദ്യ ആസ്ട്രേലിയൻ ഒാപ്പൺ കിരീടമാണിത്. രണ്ടാമത്തെ ഗ്രാൻസ്ളാമും. കഴിഞ്ഞവർഷം യുഎസ് ഒാപ്പൺ കിരീടം നേടിത്തുടങ്ങിയ നവോമി ലോക റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യൻ വനിതയെന്ന ചരിത്രവും കുറിച്ചു. നവോമിയുടെ തുടർച്ചയായ രണ്ടാം ഗ്രാൻസ്ളാം കിരീടമാണിത്. യു.എസ് ഒാപ്പണിൽ സെറീന വില്യംസിനെ കീഴടക്കിയാണ് കിരീടം നേടിയിരുന്നത്. റൊമേനിയക്കാരി സിമോണ ഹാലെപ്പിനെ മറികടന്നാണ് ഒന്നാം റാങ്കിലെത്തിയത്.
21 കാരിയായ നവോമി 1998 ൽ മാർട്ടിന ഗിംഗിസിന് ശേഷം തുടർച്ചയായി രണ്ട് ഗ്രാൻസ്ളാം കിരീടങ്ങൾ നേടുന്ന പ്രായം കുറഞ്ഞ താരവും 2010 ൽ കരോളിൻ വൊസ്‌നിയാക്കിക്ക് ശേഷം ഒന്നാം റാങ്കിലെത്തുന്ന പ്രായംകുറഞ്ഞ താരവുമാണ്.