തിരുവനന്തപുരം: പണിതീരാത്ത വീടിന്റെ മൂലയ്ക്ക് ചാരിവച്ചിരിക്കുന്ന ചാക്കുകെട്ട് നിറയെ ദ്യുതിയുടെ തിളക്കം മങ്ങിയ ഒളിമ്പിക്സ് സ്വപ്നങ്ങളാണ്. ട്രയാത്‌ലൺ ഉൾപ്പെടെ കായിക മത്സരങ്ങളിൽ നേടിയ നൂറുകണക്കിന് മെഡലുകളും ട്രോഫികളും സുരക്ഷിതമായി സൂക്ഷിക്കാൻ പോലും ഇടമില്ലാത്ത,​ പോത്തൻകോട് കൊയ്‌ത്തൂർക്കോണത്തെ വീട്ടിൽ ട്രയാത്‌ലണിൽ ഒളിമ്പിക് വേഗമുറപ്പിക്കാൻ കൈത്താങ്ങിനു കാക്കുകയാണ് ദ്യുതി. നാടകനടീനടന്മാരായിരുന്ന കെ.സുധീറും കോമളകുമാരിയുമാകട്ടെ,​ രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും തടവറയിൽ മകളുടെ സ്വപ്നം നിറവേറ്റാനുള്ള പരിശീലനത്തിനു വഴി കണ്ടെത്താനാവാത്തത്ര ദുരിതത്തിലും.

സംസ്ഥാനത്ത് അധികമാളുകൾ പരിശീലിച്ചിട്ടില്ലാത്ത കായിക ഇനമാണ് ട്രയാത‌്ലൺ. അഞ്ചു വർഷം മുമ്പാണ് കൊച്ചിയിലെ ട്രയാത്‌ലൺ അസോസിയേഷനുമായി ബന്ധപ്പെട്ട് ദ്യുതി പരിശീലനം തുടങ്ങിയത്. പക്ഷേ,​ നീന്തലിനും ഓട്ടത്തിനുമൊപ്പം സൈക്ളിംഗ് കൂടി ചേർന്ന മത്സരത്തിന് ഒരുങ്ങാൻ സ്വന്തമായെരു സൈക്കിൾ പോലും വാങ്ങാനാകാത്തത്ര കഷ്ടപ്പാടിലാണ് ദ്യുതിയുടെ കുടുംബം.

ഡിഗ്രി കഴിഞ്ഞപ്പോൾ സ്പോർട്സ് ക്വാട്ടയിൽ ജോലിക്കായി ഒരുപാട് വാതിലുകളിൽ മുട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും നിവേദനം നൽകി. ഒരു മറുപടിയും ഇല്ലാതായപ്പോൾ സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ സഹായം തേടി. പക്ഷേ,​ ട്രയാത്‌ലൺ അസോസിയേഷൻ സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലാത്തതുകൊണ്ട് സഹായം നൽകാനാവില്ലെന്നായിരുന്നു മറുപടി.

2020-ലെ ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമിട്ട് സ്വപ്നങ്ങൾ നെയ്തിരുന്ന ദ്യുതി,​ സാമ്പത്തിക ബുദ്ധിമുട്ടു കാരണം പരിശീലനം മുടങ്ങുമെന്നായപ്പോൾ കൊച്ചി നേവൽ ബേസിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാൻ പോയി. അതുകൊണ്ട് എന്താകാൻ?​ പണിതീരാത്ത വീടുതന്നെ പഞ്ചായത്തിന്റെ സഹായംകൊണ്ടാണ് ഇത്രയുമാക്കിയത്. ദ്യുതിയുടെ ദുരിതകഥയറിഞ്ഞ് തമിഴ്‌നാട്ടിലെ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജോലി വാഗ്ദാനം നൽകിയിട്ടുണ്ട്. അതൊരു സഹായമാകുമെങ്കിലും,​ സ്വപ്നത്തിലേക്കുള്ള ദൂരം പിന്നിടാൻ അതു പോരാ. ഒരു കൈത്താങ്ങ് സർക്കാരിൽ നിന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് ദ്യുതി.

ട്രയാത്‌ലൺ

എൻഡ്യുറൻസ് സ്പോർട്സ് വിഭാഗത്തിലുള്ള കായിക ഇനമാണ് ട്രയാത്‌ലൺ. ഒന്നര കിലോമീറ്റർ നീന്തൽ,​ 40 കിലോമീറ്റർ സൈക്ളിംഗ് , 10 കിലോമീറ്റർ ഓട്ടം എന്നിവ ചേർന്നതാണ് മത്സരം. നല്ല കരുത്തും കായികക്ഷമതയും വേണ്ടുന്ന മത്സരത്തിന്റെ മൂന്നു ഘട്ടങ്ങളും തുടർച്ചയായി നിർവഹിക്കണം. 1920-കളിൽ ഫ്രഞ്ചുകാരാണ് ട്രയാത്‌ലണിന് ജന്മം നൽകിയത്. രണ്ടായിരാമാണ്ടു മുതൽ ഒളിമ്പിക്സ് മത്സര ഇനമായ ട്രയാത്‌ലൺ 2002 മുതൽ കോമൺവെൽത്ത് ഗെയിംസിലും 2006 മുതൽ ഏഷ്യൻ ഗെയിംസിലും മത്സര ഇനം.

സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഇന്റർനാഷണൽ യൂണിയൻ ആണ് ആഗോള ഭരണസമിതി.