ചിറയിൻകീഴ്: പൊട്ടിപൊളിഞ്ഞ അനുപമ ജംഗ്ഷൻ - പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജനങ്ങളുടെ പരാതിയെത്തുടർന്ന് പതിറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞ് കാൽനട പോലും ദുസഹമായിരുന്ന ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി വർക്ക് ടെൻഡർ ചെയ്തെങ്കിലും നിർമാണ പ്രവർത്തനങ്ങളൊന്നും ഇതുവരെ നടന്നില്ല. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മെറ്റൽ അടക്കമുള്ളവ റോഡിലിറക്കിയിട്ടും മെയിന്റനൻസ് വർക്ക് നീളുന്നതിൽ യാത്രക്കാർക്കും നാട്ടുകാർക്കും പ്രതിഷേധമുണ്ട്. ദിനം പ്രതി നിരവധി ആൾക്കാരാണ് ഈ റോഡ് വഴി യാത്ര ചെയ്യുന്നത്. അഴൂർ ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ എത്താനുളള എളുപ്പ റോഡാണിത്. റോഡിന്റെ പല ഭാഗത്തും മെറ്റലുകൾ ഇളകി റോഡ് കുന്നും കുഴിയുമായി കിടക്കുകയാണ്.
ഇവിടുത്തെ റോഡിലെ കുഴികളിൽ യാത്രക്കാർക്ക് പ്രത്യേകിച്ചും ബൈക്കിൽ സഞ്ചരിക്കുന്നവർക്ക് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. റോഡിലെ ശോചനീയാവസ്ഥ കാരണം അത്യാസന്ന അവസ്ഥയിലാകുന്ന രോഗികളെ ആശുപത്രിയിൽ കൊണ്ട് പോകുവാൻ വാഹനങ്ങൾ വിളിച്ചാൽ പോലും പലപ്പോഴും വരാറില്ലെന്ന് പരാതിയുണ്ട്. മഴക്കാലമായാൽ റോഡിലെ കുഴികളിൽ വെളളം കെട്ടി നിന്ന് റോഡേത് കുഴിയേത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയാകും. രാത്രികാലങ്ങളിൽ തെരുവ് വിളക്കുകളുടെ അഭാവവും ഇവിടെയുണ്ട്. തെരുവ് നായ്ക്കളുടെ ശല്യവും സാമൂഹ്യ വിരുദ്ധ ശല്യവും പ്രദേശത്തുണ്ടെന്ന് നാട്ടുകാർ പറയുന്നു. അഴൂർ ഗ്രാമപഞ്ചായത്തിലെ 15, 17 വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡാണിത്. അധികൃതർ എത്രയും വേഗം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി ഇതുവഴിയുള്ള യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.