തിരുവനന്തപുരം: മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാനെന്ന പേരിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ റെയ്ഡ് പ്രഹസനമായിരുന്നെന്നും സി.പി.എം ഓഫീസിൽ കയറുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ഡി.വെെ.എഫ് എെ സംസ്ഥാന സെക്രട്ടറി എ.എ. റഹിം മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ഓഫീസ് പോലുള്ള സ്ഥലത്ത് അസാധാരണ സാഹചര്യത്തിലേ പരിശോധന നടത്താവൂ. പരിശോധനാ സമയത്ത് എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചില്ല?. പ്രതികൾക്ക് വേണ്ടിയായിരുന്നു തെരച്ചിലെങ്കിൽ പെട്ടെന്ന് അവസാനിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിന്റെ പേരിൽ തെരേസയെ ഡി.സി.പി സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതല്ല, അവർ അധികച്ചുമതല ഒഴിയുക മാത്രമാണുണ്ടായത്.
പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുമായി ഡി.വെെ.എഫ്.എെക്ക് യാതൊരു ബന്ധവുമില്ല, ഡി.വെെ.എഫ്.എെ ബ്ലോക്ക് സെക്രട്ടറി മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എസ്.എെയെ കാണാൻ അനുവദിക്കാതെ ബലമായി പുറത്താക്കാൻ ശ്രമിക്കുകയായിരുന്നു. സ്റ്റേഷന് നേരെ കല്ലെറിഞ്ഞതിൽ വീഴ്ച പറ്റിയിട്ടുണ്ട്. സംഭവം ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും റഹിം പറഞ്ഞു.