തിരുവനന്തപുരം: അനാവശ്യ ഹർത്താലുകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനാവശ്യ ഹർത്താലുകൾ ദുഷ്‌പേരുണ്ടാക്കും. പൊതുവികാരവും എതിരാണ്. ഹർത്താലുകൾ സമരമാർഗമായതിനാൽ തള്ളിപ്പറയാൻ രാഷ്ട്രീയപാർട്ടികൾക്ക് കഴിയില്ലെന്ന് പി.കെ. ബഷീറിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാനം തകർക്കുകയായിരുന്നു ശബരിമലയുടെ പേരിൽ ഹർത്താലുകൾക്ക് ആഹ്വാനം ചെയ്തവരുടെ ലക്ഷ്യം. ജനുവരി മൂന്നിലെ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച ഇനത്തിൽ 28.43 ലക്ഷവും സ്വകാര്യമുതൽ നശിപ്പിച്ച വകയിൽ 1.03 കോടി രൂപയും നഷ്ടമുണ്ടായി. 772 കേസുകളിലായി 4163 പേരെ അറസ്റ്റ് ചെയ്തു. കേരളത്തിന്റെ വളർച്ചയെ തടയാൻ ശ്രമിക്കുന്ന ചില ശക്തികളാണ് അടിക്കടി ഹർത്താൽ നടത്തിയത്. കേരളത്തിന്റെ പുരോഗതിയിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇക്കൂട്ടർ. കാസർകോട്, മഞ്ചേശ്വരം മേഖലയിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണ്. മതനിരപേക്ഷ സ്വഭാവം തകർക്കുകയാണ് ലക്ഷ്യം. ഇത് അനുവദിക്കില്ല.
വിഴിഞ്ഞം വൈകില്ല
വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും. ഓഖിയും പ്രളയവും പദ്ധതിയെ ബാധിച്ചിട്ടുണ്ട്. പാറയ്ക്ക് ക്ഷാമമുണ്ടായി. പരിഹാരം കാണാൻ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്വാറികളുടെ നിശ്ചിത ഭാഗം വിഴിഞ്ഞത്തിനായി മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ കടൽമാർഗം മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും പാറയെത്തും. 70 ലക്ഷം ടൺ പാറയാണ് വേണ്ടത്. തുറമുഖത്തിലേക്കുള്ള റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ റെയിൽവേ ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 2567 ഗുണഭോക്താക്കൾക്ക് 7694 കോടി രൂപ ധനസഹായം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.