ക്രമസമാധാന വിഷയത്തിൽ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. അത്തരത്തിൽ മുഖം നോക്കാതെ നടപടി എടുത്തതിന്റെ പേരിലാണ് തിരുവനന്തപുരത്ത് ഒരു യുവ ഐ.പി.എസ് ഉദ്യോഗസ്ഥ ഇപ്പോൾ സർക്കാരിന്റെ അപ്രീതിക്ക് പാത്രമായിരിക്കുന്നത്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ സ്ഥാനത്തുനിന്ന് ചൈത്ര തെരേസയെ മാറ്റുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുകയും ചെയ്ത സംഭവം രാഷ്ട്രീയവൃത്തങ്ങളിലും പൊലീസ് സേനയിലും ചർച്ചാവിഷയമായിരിക്കുകയാണ്. ഡി.സി.പി സ്ഥാനത്തു നിന്നു അപ്രതീക്ഷിതമായി ഈ ഉദ്യോഗസ്ഥയെ മാറ്റാനുണ്ടായ കാരണം അന്വേഷിച്ച് ചെല്ലുമ്പോഴാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മ ദൃശ്യമാകുന്നത്. പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികൾ സി.പി.എം. ജില്ലാ ഓഫീസിൽ ഉണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ എത്തി പരിശോധന നടത്തിയെന്നതാണ് ഡി.സി.പി ചെയ്ത അപരാധം. പാർട്ടി ഓഫീസുകളിൽ പൊലീസ് കയറാൻ പാടില്ലെന്ന അലിഖിത കീഴ്വഴക്കം ഉള്ളപ്പോൾ ഡി.സി.പി യുടെ സാഹസികത പാർട്ടി നേതൃത്വത്തിന് ദഹിക്കാതെ പോയതിൽ അസ്വാഭാവികതയില്ല. എന്നാൽ, നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചുതന്നെയാണ് സേനാംഗങ്ങളുമായി ഡി.സി.പി റെയ്ഡിന് എത്തിയത്. മാത്രമല്ല, പ്രതികളിൽപ്പെട്ടവർ ജില്ലാ ഓഫീസിലുണ്ടെന്ന് കൃത്യമായ വിവരവും പൊലീസ് ശേഖരിച്ചിരുന്നുവത്രെ. പരിശോധന നടന്നെങ്കിലും പ്രതികളിലാരെയും പിടികൂടാൻ പൊലീസ് സംഘത്തിന് കഴിഞ്ഞില്ല. റെയ്ഡ് വിവരം പൊലീസിൽ നിന്ന് തന്നെ ചോർന്നാൽ ഫലം എന്താകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പാർട്ടി ഓഫീസിൽ പൊലീസ് എത്തി തിരച്ചിൽ നടത്തിയതിനെതിരെ പാർട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് തൽക്ഷണം തന്നെ നടപടിയുമുണ്ടായി. ഡി.സി.പി യെ മുമ്പ് അവർ വഹിച്ചിരുന്ന ലാവണത്തിലേക്ക് മടക്കി അയച്ചു. വകുപ്പുതല അന്വേഷണത്തിന് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിവാദമായിക്കഴിഞ്ഞ ഈ പ്രശ്നത്തിൽ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നുണ്ട്. പാർട്ടി ഓഫീസിൽ പൊലീസ് പരിശോധന അനിവാര്യമാക്കുന്ന സാഹചര്യം പരിപൂർണമായും ഒഴിവാക്കാൻ പാർട്ടി നേതൃത്വങ്ങൾക്ക് ബാദ്ധ്യതയില്ലേ എന്നതാണ് ആ ചോദ്യം. സാധാരണഗതിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പാർട്ടി ഓഫീസ് റെയ്ഡ് എന്ന സാഹസത്തിന് മുതിരുകയില്ല. വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽപ്പോലും മൂന്നല്ല മുപ്പതുവട്ടം ആലോചിച്ചശേഷമേ അതിനു മുതിരൂ. പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞവർ മുഖ്യ ഭരണകക്ഷിയുടെ ആൾക്കാരാവുകയും അവരിൽ ചിലർ ഒളിത്താവളമായി പാർട്ടി ഓഫീസ് തിരഞ്ഞെടുക്കുകയും ചെയ്ത സാഹചര്യമുണ്ടായപ്പോഴാണ് ഡി.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അവിടെ എത്തിയതെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. പരിശോധനയിൽ പ്രതികളിലാരെയും കിട്ടാതെ വന്നപ്പോൾ സംഘം മടങ്ങുകയും ചെയ്തു. പൊലീസ് മുഖം നോക്കാതെ പ്രവർത്തിക്കണമെന്ന് അഭിപ്രായമുള്ളവർക്ക് വിയോജിക്കാൻ കഴിയാത്തതൊന്നും ഡി.സി.പി. ഇവിടെ ചെയ്തതായി നിഷ്പക്ഷമതികൾക്ക് തോന്നുന്നില്ല. സി.പി.എമ്മിന്റെ എന്നല്ല, ഏത് പാർട്ടിയുടെയും ഓഫീസുകൾ അക്രമം കാട്ടുന്നവർക്ക് താവളമാകരുതെന്നതാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. പരിശോധനയുടെ പേരിൽ ഡി.സി.പിയെ ക്രൂശിക്കണമെന്ന് വാശിപിടിക്കുന്നവർക്ക് പാർട്ടിക്കാരോട് മാത്രമല്ല, പൊെതുസമൂഹത്തോടും ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. അധികാരത്തിൽ ഇപ്പോൾ ഇരിക്കുന്നവർ വഴിവിട്ട കാര്യങ്ങൾക്ക് മുതിർന്നാൽ കീഴ്വഴക്കമെന്നോണം തുടർന്ന് അധികാരത്തിലെത്തുന്നവരും ഇതുതന്നെ പിന്തുടർന്നാൽ തള്ളിപ്പറയാൻ എങ്ങനെ കഴിയും? പൊലീസ് അതിരുവിട്ടാൽ നടപടി വേണമെന്ന് ജനങ്ങൾ ഒരേ സ്വരത്തിൽ ശബ്ദമുയർത്താറുണ്ട്. അതുപോലെ കൃത്യ നിർവഹണത്തിന്റെ പേരിൽ അകാരണമായി ഏതെങ്കിലുമൊരു പൊലീസ് ഓഫീസർക്കെതിരെ സർക്കാർ നടപടി ഉണ്ടാകുമ്പോഴും പൊതുസമൂഹം അതിനെതിരെ പ്രതികരിച്ചെന്നിരിക്കും. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടിൽ ഇതൊക്കെ പതിവാണ്. സർവീസിലെത്തിയിട്ട് അധികം കാലമാകാത്തതിന്റെ പരിചയക്കുറവാകാം വനിതാ ഡി.സി.പി യെ 'സാഹസത്തിന് " പ്രേരിപ്പിച്ചിരിക്കുക. നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് 'മുഖം നോക്കാതെ" പ്രവർത്തിക്കുന്ന ഇതുപോലുള്ള ഊർജ്ജസ്വലരായ യുവ സിവിൽ സർവീസുകാർ ഇന്ന് ധാരാളമുണ്ട്. രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണിലെ കരടുകളായി അവർ മാറുന്നുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ, സമൂഹത്തിന്റെ സ്നേഹാദരങ്ങളും പിന്തുണയും എപ്പോഴും ഇത്തരം ഉദ്യോഗസ്ഥർക്ക് ലഭിക്കാറുമുണ്ട്. നിർഭയരായി ചുമതല നിർവഹിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർ യുവതലമുറയ്ക്ക് പ്രചോദനവുമാണ്. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ രാഷ്ട്രീയ ബന്ധം നോക്കിയാകരുത് നിയമം നടപ്പാക്കൽ.