25 വർഷത്തിനുശേഷം ആദ്യമായി കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്നും ജീവനക്കാർക്ക് ശമ്പളം നൽകുന്നു എന്ന വാർത്ത വായിച്ചപ്പോൾ ആദ്യം മനസിലേക്കോടിയെത്തിയത് 'വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും' എന്ന പഴഞ്ചൊല്ലായിരുന്നു. ശബരിമല സീസണിൽ നിന്നും ലഭിച്ച 45.2 കോടി രൂപയാണത്രെ ഈ ചരിത്ര നേട്ടത്തിന് നെടുംതൂണായി നിന്നത്. അപ്പോൾ കഴിഞ്ഞ 25 കൊല്ലമായി ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ലഭിച്ച വരുമാനം എന്തുചെയ്യുകയായിരുന്നു എന്നതും ഇപ്പോൾ പ്രസക്തമാണ്.
ഏതായാലും വ്യക്തമായ തയ്യാറെടുപ്പോടുകൂടി ആസൂത്രണം ചെയ്യുകയാണെങ്കിൽ എന്തും നമുക്ക് കൈവരിക്കാൻ കഴിയും എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ നേട്ടം. പക്ഷെ അതിനായി വേണ്ടത് അത്തരം തയ്യാറെടുപ്പുകൾ ആദ്യം മനസ്സിൽ തോന്നണം; എന്നാലേ വേരിലെങ്കിലും കായ്ക്കുകയുള്ളൂ എന്നതാണ്. ഇനി ഈ നേട്ടം വീണ്ടും ആവർത്തിക്കുവാൻ അടുത്ത ശബരിമല സീസൺ വരെ കാത്തിരിക്കാതെ കെ.എസ്.ആർ.ടി.സി ലെ മുഴുവൻ ജീവനക്കാരും എല്ലാ യൂണിയൻ നേതാക്കളും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇപ്പോൾ നേടിയ ഈ ചരിത്ര നേട്ടം ഒരുതവണത്തെ നേട്ടമായി മാത്രം കെ.എസ്.ആർ.ടി.സി യുടെ താളുകളിൽ വരുംകാലങ്ങളിൽ രേഖപ്പെടുത്തേണ്ടിവരും.
എ . കെ . അനിൽകുമാർ
നെയ്യാറ്റിൻകര