snehaveedu

കിളിമാനൂർ: 2019ലെ റിപ്പബ്ലിക് ദിനം ആശയ്ക്കും മക്കൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല. തല ചായ്ക്കാൻ ഇടമില്ലാതിരുന്ന ഈ സാധുകുടുംബം റോട്ടറി ക്ലബ് നിർമിച്ച് നൽകിയ സ്നേഹ വീട്ടിൽ ഗൃഹപ്രവേശനം നടത്തിയത് ഈ റിപ്പബ്ലിക് ദിനത്തിലായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയ ആശയും മക്കളായ വൈഗയും (10), വൈഷ്ണവിയും (3) ആശയുടെ അമ്മയും മരക്കമ്പുകളിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ കിളിമാനൂർ റോട്ടറി ക്ലബ് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയും ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. 500 ചതുരശ്ര അടിയിലാണ് സ്നേഹവീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ വീടിന്റെ താക്കോൽ റോട്ടറി ഡിസ്ട്രിക് ഗവർണർ ഇ.കെ. ലൂക്ക് ആശക്ക് കൈമാറി. ബി. സത്യൻ. എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്നേഹ വീട് പ്രോജക്ട് ഡിസ്ട്രിക് ചെയർമാൻ ബാബുമോൻ, കിളിമാനൂർ, പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രാജലക്ഷ്മി അമ്മാൾ, എസ്. സിന്ധു, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, റോട്ടറി പ്രസിഡന്റ് കെ.ജി. പ്രിൻസ്, സെക്രട്ടറി ഭാസി, മേജർ ഡോണർ ഡോ: രാമൻ നായർ, കെ. സോമൻ, ശ്രീകുമാർ, അനിൽകുമാർ, റെജ, ടി. നാഗേഷ് ,ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ഗൃഹപ്രവേശന ചടങ്ങിൽ എത്തിയിരുന്നു. മികച്ച നിലയിലാണ് വീട് നിർമ്മിച്ചതെന്ന് റോട്ടറി ഡിസ്ട്രിക് ഗവർണർ ഇ.കെ. ലൂക്ക് പറഞ്ഞു.