atl27jd

ആ​റ്റിങ്ങൽ: വെളിച്ചെണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട കരാർനടപടികൾ പൂർത്തിയാകാൻ വൈകുന്നത് മാമം നാളികേര കോംപ്ലക്‌സിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. വെന്ത വെളിച്ചെണ്ണയുടെയും (വിർജിൻ കോക്കനട്ട് ഓയിൽ) വെളിച്ചെണ്ണയുടെയും ഉത്പാദനം നടത്തുന്ന യൂണി​റ്റുകൾ പ്രവർത്തിപ്പിച്ചുകൊണ്ട് കോംപ്ലക്‌സ് പ്രവർത്തനക്ഷമമാക്കുന്നതിനാണ് തീരുമാനമെടുത്തിരുന്നത്. ബി.സത്യൻ എം.എൽ.എ നടത്തിയ ഇടപെടലുകളെത്തുടർന്ന് കോംപ്ലക്‌സ് തുറക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ അടുത്തിടെ നീങ്ങിയിരുന്നു.സംസ്ഥാന നാളികേര വികസന കോർപറേഷന്റെ കീഴിൽ ആ​റ്റിങ്ങൽ മാമത്ത് 1975 ഒക്ടോബർ 10നാണ് നാളികേര കോംപ്ലകസ് പ്രവർത്തനം തുടങ്ങിയത്. തേങ്ങ സംഭരിച്ച് കൊപ്രയാക്കി വെളിച്ചെണ്ണയും പിണ്ണാക്കുമായി നാടിന് സമ്മാനിച്ചിരുന്ന ഈ സ്ഥാപനം നഷ്ടത്തെത്തുടർന്ന് 1995ൽ അടച്ചുപൂട്ടി. പിന്നീട് പല പദ്ധതികളും ഇവിടെ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും നടപ്പായില്ല.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2014ൽ പച്ചത്തേങ്ങ സംഭരണയൂണി​റ്റ് തുറന്നുകൊണ്ട് കോംപ്ലക്‌സ് തുറക്കാൻ നീക്കം നടത്തിയിരുന്നു. പിന്നീട് വെന്തവെളിച്ചെണ്ണ നിർമ്മിക്കുന്ന യൂണി​റ്റിന് പദ്ധതി തയ്യാറാക്കുകയും രണ്ട് കോടി ചെലവിട്ട് കോംപ്ലക്‌സ് നവീകരിക്കുകയും ചെയ്തു. തുടർന്ന് 2015 സെപ്തംബർ 16ന് ഈ പ്ലാന്റിന്റെ ഉദ്ഘാടനം നടന്നു. എന്നാൽ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഉദ്ഘാടനത്തിന് ശേഷം പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നശേഷം കോംപ്ലക്‌സിന്റെ സ്ഥിതി മന്ത്റിതലത്തിൽ പരിശോധിച്ചു. തടസങ്ങളെല്ലാം നീക്കിയതിനുശേഷം പ്രവർത്തനം തുടങ്ങിയാൽ മതിയെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ കോംപ്ലക്‌സ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ വിഷയം എം.എൽ.എ വീണ്ടും മന്ത്റിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ഇത് തുറക്കുന്നതിന്റെ പ്രയോഗികവശങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.കോംപ്ലക്‌സിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാനും നഗരസഭയിൽ കുടിശ്ശികയുളള നികുതിയൊടുക്കുന്നതിനും ആറ് മാസത്തെ സാവകാശം അനുവദിച്ചു. ഇതോടെയാണ് കോംപ്ലക്‌സ് തുറക്കാനുളള വഴിയൊരുങ്ങിയത്. പുതുവർഷത്തിൽ കോംപ്ലക്‌സ് തുറക്കുമെന്ന് അറിയിപ്പുമുണ്ടായി. എന്നാൽ ഇപ്പോൾ വെളിച്ചെണ്ണ വിപണനകേന്ദ്രം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.വെന്തവെളിച്ചെണ്ണയുടെ നിർമ്മാണയൂണി​റ്റ് ഉടൻ പ്രവർത്തനം തുടങ്ങുമെന്നും ഇതിനായി ഒരു കമ്പനിയുമായി കരാർ നടപടികളായിട്ടുണ്ടെന്നും ബി.സത്യൻ എം.എൽ.എ പറഞ്ഞു.