കഥ, കവിത, തത്വചിന്ത എന്നുവേണ്ട, ജ്യോതിഷം വരെ കൈകാര്യം ചെയ്യാൻ ശേഷിയും ശേമുഷിയുമുള്ള കലാകാരന്മാരുടെ നിര കാണണമെങ്കിൽ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ചെല്ലണം. ഈ ഇത്തിരിവട്ടത്ത് തളച്ചിടപ്പെടേണ്ട ജീവിതങ്ങളാണോ എന്ന് വ്യസനിക്കുന്നവരെ സന്തോഷിപ്പിക്കാൻ ജെയിംസ് മാത്യു ഒരു ഒറ്റമൂലി നിർദ്ദേശിച്ചിട്ടുണ്ട്. നവോത്ഥാനമൂല്യ സംരക്ഷണകാലത്ത് ഈ വിശേഷപ്പെട്ട കലാകാരന്മാർക്ക് കലാഭിരുചികൾ പ്രദർശിപ്പിക്കാൻ പ്രത്യേകവേദി ഒരുക്കിക്കൊടുക്കണം! സാംസ്കാരികമന്ത്രിയോടാണ് ജെയിംസ് മാത്യുവിന്റെ അഭ്യർത്ഥന.
ഗവർണ്ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ്. അവിടെ കേരളത്തിന്റെ പുനർനിർമ്മിതിയല്ല, ബാലൻമന്ത്രിയുടെ മൂലം നക്ഷത്രമാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്നതിൽ ജയിംസ് മാത്യുവിന് ലജ്ജ തോന്നി. മൂലം നക്ഷത്രക്കാരനായ ബാലൻമന്ത്രിക്ക് സമയം നന്നല്ലെന്ന് വി.പി. സജീന്ദ്രൻ ജാതകം ഗണിച്ചെങ്കിലും, മൂലം നക്ഷത്രക്കാരൻ നിങ്ങളുടെ എ.കെ. ആന്റണിയാണെന്ന് അത്യാവശ്യം ജ്യോതിഷവും കൈനോട്ടവും വശമുള്ള മന്ത്രി ബാലൻ തിരുത്തി.
ആരെന്തു പറഞ്ഞാലും ശബരിമലയിലെ സ്ത്രീപ്രവേശനവിധി നടപ്പാക്കി തങ്ങളുടെ അഭിമാനമുയർത്തിപ്പിടിച്ച മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദി ഇ.എസ്. ബിജിമോൾക്ക് വാക്കുകളിലൊതുങ്ങുന്നില്ല. ഒരു നന്ദിപ്രമേയവും അതിനു മതിയാവില്ലെന്നാണ് ബിജിമോളുടെ മതം.
ബഹറിൽ മുസല്ലയിട്ട് നിസ്കരിച്ചാലും (കടലിൽ പായയിട്ട് നിസ്കരിച്ചാലും) ആർ.എസ്.എസിനെ വിശ്വസിക്കരുതെന്നു പറഞ്ഞ സി.എച്ച്. മുഹമ്മദ് കോയയുടെ പിൻഗാമികൾ ഇപ്പോൾ ആർ.എസ്.എസുകാർ ബാഹുബലികളാണെന്ന് പറഞ്ഞുനടക്കുന്നതായി പി.ടി.എ. റഹിമിനു തോന്നി. ബാഹുബലിയെന്ന പദപ്രയോഗം സഭയിൽ താൻ നടത്തിയിട്ടില്ലെന്ന് എം.കെ. മുനീർ ആണയിട്ടു.
തറവാട് വീതം വയ്ക്കുമ്പോൾ വീടിന്റെയും പറമ്പിന്റെയും വയലിന്റെയുമെല്ലാം കണക്കെടുത്തു കഴിഞ്ഞാൽ മിച്ചം വരുന്ന കിണ്ടിയുടെയും കോളാമ്പിയുടെയും അവസ്ഥയോട് കെ. മുരളീധരൻ സി.പി.എമ്മിനെ ഉപമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബി.ജെ.പിക്കെത്ര എം.പിമാർ, കോൺഗ്രസിനെത്ര എം.പിമാർ എന്നേ രാഷ്ട്രപതി നോക്കൂ എന്ന വിശ്വാസമാണ് മുരളീധരനെ കിണ്ടി- കോളാമ്പി ചിന്തയിലേക്കു നയിച്ചത്.
പ്രളയകാലത്ത് തിരുവല്ലയിലെ നൂറു തികഞ്ഞ ആത്മീയാചാര്യൻ, കേരളത്തിന് ദൈവം നൽകിയ വരദാനമാണ് പിണറായി വിജയനെന്നു പറഞ്ഞത്, പിണറായി സർക്കാർ വിശ്വാസത്തിനെതിരാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ഉത്തരമായി മാത്യു.ടി.തോമസ് വിലയിരുത്തി. ഇതല്ല, ഇതിനപ്പുറത്തെ പ്രളയം വന്നാലും ചെറുത്തുനിൽക്കാൻ ശേഷിയുള്ള സർക്കാരാണ് ഇവിടെയെന്നതിൽ സി. ദിവാകരന് സംശയമേതുമില്ല.
ക്രിസ്തുവിന്റെ സുവിശേഷം എഴുതിയ സരമാഗോവിനു ശേഷം, പിണറായി എഴുതിയ സുവിശേഷമാണ് ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനമെന്ന് കെ.എൻ.എ. ഖാദർ കരുതുന്നു. കാല്പനികതയും ഉത്തരാധുനികതയും സമഞ്ജസമായി സമ്മേളിച്ച ഈ പുസ്തകത്തിന് അതിനാൽ സാഹിത്യ അക്കാഡമി അവാർഡിന് ഖാദർ ശുപാർശ ചെയ്തു.
കോടതി വിധി പറയാനിരിക്കുന്ന കെ.എസ്.ആർ.ടി.സി എംപാനലുകാരുടെ വിഷയത്തിൽ തൊഴിൽനിയമങ്ങളെല്ലാം സർക്കാർ കാറ്റിൽപ്പറത്തിയെന്നു പറഞ്ഞ് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത് മന്ത്രി എ.കെ. ശശീന്ദ്രന് സഹിച്ചില്ല. ഇത് ആരെ രെ സഹായിക്കാനാണെന്ന ശശീന്ദ്രന്റെ ചോദ്യത്തിന്, മന്ത്രിയുടെ മറുപടി ആരെ സഹായിക്കാനാണെന്നു ചോദിക്കാനേ തിരുവഞ്ചൂർ രാധാകൃഷ്ണന് സാധിച്ചുള്ളൂ.
യു.ഡി.എഫ് കൗൺസിലർമാരെ തട്ടിക്കൊണ്ടുപോയ കേസിൽ സി.പി.എം ഓഫീസ് റെയ്ഡ് ചെയ്ത പൊലീസിനെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ അഭിനന്ദിച്ചതു പോലെ ഇപ്പോൾ റെയ്ഡ് നടത്തിയ എസ്.പിയെയും അഭിനന്ദിക്കണമെന്ന മിനിമം ഡിമാൻഡ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുണ്ടായിരുന്നു. എന്തുചെയ്യാം! സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അവകാശത്തിൽ തൊട്ടുള്ള കളി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീർപ്പ്.
കോന്നി ആന വളർത്തുകേന്ദ്രത്തിലെ സുരേന്ദ്രൻആനയെ നാടുകടത്തിയത് കോന്നി വെറ്ററിനറി ഓഫീസ് നിറുത്താനുള്ള കുത്സിതനീക്കമായി അടൂർപ്രകാശ് സംശയിച്ചു. മദമിളകിയ ആനയെ അങ്ങയുടെ മണ്ഡലത്തിൽ കൊണ്ടുവരുന്നത് ഉചിതമാവില്ലെന്ന മന്ത്രി കെ.രാജുവിന്റെ സന്മനസ്സു കണ്ടതോടെ, പാവം ബ്രാണ്ടിയെ സംശയിച്ചല്ലോയെന്ന അവസ്ഥയിലായിട്ടുണ്ടാവണം അടൂർ പ്രകാശ്.