വെള്ളറട: വെള്ളറടയിലും പരിസരപ്രദേശങ്ങളിലും ദിവസവും മോഷണം നടത്തി കള്ളന്മാർ വിലസുന്നതായി പരാതി. പൊലീസ് സ്റ്റേഷന് സമീപത്തെ ചെറുകടകളിലും വർക്ക്ഷോപ്പുകളിലും വരെ മോഷണം നടന്നിട്ടും കള്ളനെ പിടിക്കാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ചിറത്തലയ്ക്കലിൽ സരസിൽ അനിൽ കുമാറിന്റെ വീട്ടിൽ നിന്നും പന്ത്രണ്ടര പവന്റെ സ്വർണാഭരണങ്ങളും എണ്ണായിരം രൂപയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാരമൂട്ടിലും പൊന്നമ്പിയിലും ചാരും കുഴിയിലും കവർച്ച തുടരുകയാണ്. രാത്രികാല പട്രോളിംഗ് കാര്യക്ഷമമല്ലാത്തതാണ് മോഷണങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷത്തിനു മുമ്പ് നിരന്തരം കവർച്ച നടന്നപ്പോൾ പട്രോളിംഗ് കാര്യക്ഷമമാക്കിയിരുന്നു. എന്നാൽ ഇത് നിലച്ചതോടെ മോഷണം വീണ്ടും വർദ്ധിച്ചു. കാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ സൂഷ്മമായി നിരീക്ഷിച്ച ശേഷം കവർച്ച നടത്തുന്നതിനാൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിക്കുന്നില്ല. ശക്തമായ പട്രോളിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.