e

തിരുവനന്തപുരം: തുടർപഠനം നിലച്ച ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവായ പന്ത്രണ്ടുകാരൻ സംസ്ഥാന വികലാംഗ സംഘടനാ ഐക്യമുന്നണി സമരത്തിന്റെ ഉദ്ഘാടകനായി സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിൽ. ഇരുകൈകളുമില്ലാത്ത,​ കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിമാണ് അംഗപരിമിതരുടെ സമരത്തിന് ആവേശം പകരാനെത്തിയത്. കഴിഞ്ഞ വർഷം സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യ പുരസ്കാരം ലഭിച്ച ആസിം 90 ശതമാനം അംഗപരിമിതനാണ്. വെളിമണ്ണ സർക്കാർ എൽ.പി സ്കൂളിലായിരുന്നു പഠനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആസിമിന്റെ പഠനസൗകര്യം പരിഗണിച്ച് സ്‌കൂൾ യു.പി തലത്തിലേക്ക് ഉയർത്തി. യു.പി കഴിഞ്ഞതോടെ,​ മറ്റിടങ്ങളിലേക്കു പോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂളിനെ ഹൈസ്കൂൾ തലത്തിലേക്ക് ഉയർത്തണമെന്ന് എൽ.ഡി. എഫ് സർക്കാരിന് അപേക്ഷ നൽകി. സർക്കാർ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് അനുകൂല ഉത്തരവു നേടിയിട്ടും നടപടിയായില്ല. പിന്നീട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും വിധി അനുകൂലമായെങ്കിലും സർക്കാർ അപ്പീൽ നൽകി. വിഷയം കോടതിയുടെ പരിഗണനയിലായതോടെ ആസിമിന്റെ പഠിത്തവും മുടങ്ങി. ദൂരെപ്പോയി പഠിക്കാൻ കഴിയാതെ മുടങ്ങിയ വിദ്യാഭ്യാസം തുടരാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ആസിം സമരത്തിന് എത്തിയത്. 2004 മുതൽ 2014 വരെയുള്ള എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ച് വഴി താത്കാലിക നിയമനം ലഭിച്ച് പിരിഞ്ഞർക്ക് സ്ഥിരനിയമനം നൽകുക,​ ഉദ്യോഗ സംവരണം 10 ശതമാനമാക്കുക തുടങ്ങി 30 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് വികലാംഗ സംഘടനാ ഐക്യമുന്നണിയുടെ സമരം. ചെയർമാൻ കെ.കുഞ്ഞബ്ദുള്ള കൊളവയൽ, സൈനുദ്ദീൻ മടവൂർ, ഗോപി കാസർകോട്, വഞ്ചിയൂർ മോഹനൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.