തിരുവനന്തപുരം: നയമില്ലായ്മയായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ മുഖമുദ്രയെങ്കിൽ വ്യക്തമായ നയവും സൂക്ഷ്മതയുമാണ് ഇടതു സർക്കാരിന്റേതെന്ന് മാത്യു ടി. തോമസ് പറഞ്ഞു. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓഖിയും പ്രളയവും നിപ്പയുമടക്കം പ്രതിസന്ധികളുണ്ടായെങ്കിലും അവയെ ധൈര്യത്തോടെ അതിജീവിക്കാൻ സർക്കാരിന് കഴിഞ്ഞു. സർക്കാർ ആവിഷ്കരിച്ച നാല് മിഷനുകൾ വൻ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താനായി. ക്രമസമാധാന പാലനം ഭദ്രമാണ്. ആരവങ്ങളില്ലാത്ത ഭരണമാണ് പിണറായി സർക്കാർ നടത്തുന്നത്. രണ്ടര വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 930 കോടി രൂപയാണ് വിതരണം ചെയ്തത്. യു.ഡി.എഫ് സർക്കാർ സമാനകാലയളവിൽ നൽകിയതാവട്ടെ 169 കോടിയും.
ലിംഗസമത്വം ഉറപ്പാക്കുന്ന വിധി നടപ്പാക്കാനാണ് ശബരിമലയിൽ സർക്കാർ ശ്രമിച്ചത്. എന്നാൽ, സമാധാനം തകർക്കാൻ ശ്രമിക്കുന്നെന്നാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് പ്രസംഗിക്കുന്നത്. നവോത്ഥാന മൂല്യങ്ങളുയർത്തി സംഘടിപ്പിച്ച വനിതാമതിലിനെ നിയമസഭയിൽ പോലും ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷം കൈക്കൊണ്ടത്. നാടിന്റെ വളർച്ചയെ തടസപ്പെടുത്താതെ നന്മയുടെ പക്ഷത്ത് നിൽക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും മാത്യു ടി. തോമസ് പറഞ്ഞു.