തിരുവനന്തപുരം: നിയമസഭയിൽ മോശം പരാമർശം നടത്തിയ കോൺഗ്രസ് അംഗം വി.പി. സജീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിർമശനം. ചോദ്യോത്തരവേളയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യത്തിനിടെയാണ് സജീന്ദ്രൻ സ്പീക്കർക്കുനേരെ മോശം വാക്ക് ഉപയോഗിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞശേഷം അടുത്ത ചോദ്യത്തിലേക്ക് സ്പീക്കർ കടന്നപ്പോഴാണ് സംഭവം. ഉപചോദ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച സജീന്ദ്രൻ സ്പീക്കർക്ക് നേരെ മോശം പദപ്രയോഗം നടത്തുകയായിരുന്നു. എന്നാൽ, സ്പീ‌ക്കർ ഇതിനെതിരെ റൂളിംഗ് നൽകുകയോ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കുകയോ ചെയ്തില്ല. അടുത്ത ചോദ്യത്തിന് മറുപടി പറയവേ മുഖ്യമന്ത്രി ഇതിനെ ശക്തമായി അപലപിച്ചു. സജീന്ദ്രൻ പറഞ്ഞത് ചെയർ കണക്കിലെടുത്തിട്ടുണ്ടാകില്ല. എന്നാൽ, ഇത്തരക്കാരെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണം. എന്തും പറയാമെന്ന രീതി ശരിയല്ല. അനാവശ്യ പദപ്രയോഗം പാടില്ല - മുഖ്യമന്ത്രി പറഞ്ഞു.