b

ബാലരാമപുരം: വെടിവെച്ചാൻകോവിൽ ഗാന്ധിനഗർ ലക്ഷംവീട് കോളനിയിലെ നടപ്പാതയുടെ നിർമ്മാണം പൂർത്തിയായി. നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷൻ എസ്. വീരേന്ദ്രകുമാർ 2018-19 വാർഷിക പദ്ധതിയിലെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 550000 രൂപ വിനിയോഗിച്ചാണ് നടപ്പാത നിർമ്മിച്ചത്.

1978ൽ ഗാന്ധിനഗർ കോളനി നിലവിൽ വന്നതുമുതൽ മാറിമാറി വന്ന ജനപ്രതിനിധികൾ വാഗ്ദാനങ്ങൾ നൽകി പോകുന്നതല്ലാതെ ഗാന്ധിനഗർ കോളനിയിൽ ഏതൊരുവികസനവും നടപ്പാക്കിയിരുന്നെല്ലാണ് ജനങ്ങളുടെ പരാതി. 300 മീറ്റർ വീതിയിൽ നടപ്പാതയുടേയും ഇന്റർലോക്കിന്റെയും പണികളാണ് പൂർത്തിയാകിയത്. 25 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാന്ധിനഗറിൽ കഴിഞ്ഞ നാല്പത് വർഷമായി നടപ്പാത വളരെ ശോച്യാവസ്ഥയിലായിരുന്നു. നാട്ടുകാർ നിരവധി തവണ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും നാളിതുവരെയും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. റിപ്പബ്ലിക് ദിനത്തിൽ നടപ്പാതയുടെ നിർമ്മാണോദ്ഘാടനം നേമം ബ്ളോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ നിർവഹിച്ചു. സ്വീകരണ യോഗത്തിൽ പൂങ്കോട് സുനിൽകുമാർ,​ വെടിവെച്ചാൻകോവിൽ വിജയൻ,​ വി. കനകരാജൻ,​ സദാശിവൻ,​ വെമ്പന്നൂർ അജി,​ കെ. മുരളീധരൻ,​ ശ്യാംകുമാർ,​ ജയകുമാർ എന്നിവർ സംസാരിച്ചു.