തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനം ആചാരവെടി മാത്രമാണെന്ന് നന്ദിപ്രമേയത്തെ എതിർത്തുകൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കള്ളക്കണക്കുണ്ടാക്കുന്നവരെ സർക്കാർ കണ്ടെത്തണം. വിദേശ നിർമിത വിദേശ മദ്യത്തിന് നികുതി കുറച്ചത് ബി.പി.എൽ വിഭാഗത്തെ സഹായിക്കാനാണോ?​. വൻകിട കമ്പനികളാണ് അത്തരം മദ്യം നിർമിക്കുന്നത്. ഖജനാവ് കൊള്ളയടിക്കുന്നവർക്ക് സർക്കാർ കൂട്ടുനിൽക്കുകയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കിണ്ടിയുടെയും കോളാമ്പിയുടെയും സ്ഥാനമാണ് സി.പി.എമ്മിനെന്ന് കെ. മുരളീധരൻ പരിഹസിച്ചു. തറവാട്ട് സ്വത്ത് ഭാഗം വയ്ക്കുമ്പോൾ പ്രധാനപ്പെട്ടതെല്ലാം എടുത്തു കഴിഞ്ഞാൽ മിച്ചംവരുന്ന കിണ്ടിയും കോളാമ്പിയും ആരും ശ്രദ്ധിക്കില്ല. സ്ത്രീ സമത്വത്തിന് വനിതാമതിൽ തീർത്ത് രണ്ടാഴ്ചയ്ക്കുള്ളിലാണ് സത്യസന്ധമായി സേവനം ചെയ്ത വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ അകാരണമായി മാറ്റി മാനസികമായി പീഡിപ്പിച്ചത്.

വി.പി.സജീന്ദ്രൻ (കോൺ), കെ.എൻ.എ.ഖാദർ, എൻ.ഷംസുദ്ദീൻ (ലീഗ്), ഡോ.എൻ.ജയരാജ് (കേരള കോൺ.)എന്നിവരും പ്രമേയത്തെ എതിർത്തു.