വെഞ്ഞാറമൂട്: ബൈക്ക് യാത്രികനായ യുവാവിനെ റോഡരികിൽ രക്തംവാർന്ന് അബോധാവസ്ഥയിൽ കണ്ടെത്തി. യുവാവിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ്, ബോധംവീണപ്പോൾ താൻ ആക്രമിക്കപ്പെട്ടതാണെന്ന് ഡോക്ടറോട് പറഞ്ഞു. ഒരു പ്രമുഖ സംഘടനയുടെ പ്രവർത്തകനായിരുന്നു സിദ്ധു. ആറ് മാസം മുൻപ് സംഘടനയിൽ നിന്നു വിട്ടു പോയിരുന്നു. ഇതാണോ ആക്രമണത്തിന് പിന്നിലെന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. ആലിയാട് അരീപ്ര വീട്ടിൽ സോമൻ-വസന്ത ദമ്പതികളുടെ മകൻ കണ്ണൻ എന്ന സിദ്ധു (19) ആണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ അരീപ്ര ജംഗ്ഷനുസമീപം റോഡിൽ മറിഞ്ഞുകിടന്നിരുന്ന ബൈക്കിന് സമീപം രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു ഇയാൾ. നാട്ടുകാർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലിരിക്കെ ഇടയ്ക്കു ബോധം തിരിച്ചു കിട്ടിയിരുന്നു.