kodiyeri-balakrishnan

തിരുവനന്തപുരം: സ‌ർക്കാരിന് മീതെ പറക്കാൻ ഒരു ഓഫീസറെയും അനുവദിക്കില്ലെന്നും എല്ലാ ഉദ്യോഗസ്ഥരും സർക്കാരിന് വിധേയരാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ സർക്കാർ നടപടി സ്വീകരിച്ചതിനെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..

സ്ത്രീയായതുകൊണ്ടല്ല നടപടി സ്വീകരിച്ചത്. സ്ത്രീയായാലും പുരുഷനായാലും ഓഫീസർമാർ നിയമപരമായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. സി.പി.എം നിയമവിധേയമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. നിരോധിച്ച പാർട്ടിയോട് സ്വീകരിക്കുന്ന സമീപനം സി.പി.എമ്മിനോട് സ്വീകരിക്കാൻ പാടില്ല. പൊലീസിന് അത്യാവശ്യമായി പിടികൂടേണ്ട ഒരാളെ പിടിച്ചിരുന്നുവെങ്കിൽ അവിടെ നടത്തിയ റെയ്ഡിന് ന്യായീകരണം കിട്ടുമായിരുന്നു. വെറുതേ ഓഫീസിൽ കയറി ഒരു പ്രഹസനം നടത്തി അതിന്റെ പേരിൽ പത്രങ്ങളിൽ വാർത്തയുണ്ടാക്കി. ഓഫീസിൽ കയറിയത് ആസൂത്രിതമാണെന്ന് പറയാൻ സാധിക്കില്ല. അവരുടെ എന്തോ തോന്നലിന്റെ ഭാഗമായി ചെയ്തതായിരിക്കും. ആസൂത്രിതമായി അത്തരം കാര്യങ്ങളൊന്നും ചെയ്യാൻ ഇതുപോലുള്ള ഓഫീസർമാർക്ക് ഇപ്പോൾ കേരളത്തിൽ കഴിയുമെന്ന് തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു.