തിരുവനന്തപുരം: ഏതു ദുരന്തത്തെയും അതിജീവിക്കാവുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ഗവർണറുടെ പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് നിയമസഭയിൽ നന്ദിപ്രമേയത്തെ അനുകൂലിച്ച് ജെയിസ് മാത്യു (സി.പി.എം) പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭൗതികസാഹചര്യം മെച്ചമാക്കാനും പ്രളയക്കെടുതി ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാനുമാണ് നയപ്രഖ്യാപനത്തിൽ പ്രാധാന്യം നൽകിയത്. പ്രളയദുരിതബാധിതർക്ക് ധനസഹായം നൽകിയത് വില്ലേജ് ഓഫീസുകൾ വഴിയാണ്. സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളുടെ നയരേഖയാണ് പ്രഖ്യാപിച്ചത്. ഈ സർക്കാർ ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് അക്കൗണ്ടബിലിറ്റിയുണ്ട്. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണ്. ഇത്തരം ഗൗരവമുള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സഭയെ നർമ്മസല്ലാപത്തിനുള്ള വേദിയാക്കി പ്രതിപക്ഷം മാറ്രരുതെന്നും ജെയിംസ് മാത്യു പറഞ്ഞു.

ശബരിമല വിഷയത്തിൽ യു.ഡി.എഫിന് വ്യക്തമായ നയമില്ലെന്ന് പ്രമേയത്തെ അനുകൂലിച്ച് സി. ദിവാകരൻ (സി.പി.ഐ) പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് ഒരേ അഭിപ്രായമല്ല. ലീഗിന്റെയും കേരള കോൺഗ്രസിന്റെയുമെല്ലാം അഭിപ്രായം അവർ പറയട്ടെയെന്നും സി. ദിവാകരൻ പറഞ്ഞു. എം. നൗഷാദ്, പുരുഷൻ കടലുണ്ടി, പി.ടി.എ. റഹിം, കെ. കുഞ്ഞിരാമൻ, ആർ. രാജേഷ് (സി.പി.എം), ഇ.എസ്. ബിജിമോൾ (സി.പി.ഐ), സി.കെ. നാണു (ജെ.ഡി.എസ്) എന്നിവരും പ്രമേയത്തെ അനുകൂലിച്ചു.