തിരുവനന്തപുരം: സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി കൈയടക്കി വച്ചിട്ടുള്ള ഹാരിസണും അവർ മറിച്ചുവിറ്റ ആൾക്കാർക്കും കൈമാറ്റം ചെയ്യാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരൻ ഗവർണർ പി. സദാശിവത്തിന് നിവേദനം നൽകി.
ഹാരിസൺ ഉൾപ്പെടെയുള്ളവരിൽ നിന്ന് കരം സ്വീകരിച്ചാൽ അതിന്റെ ഗുണഭോക്താക്കളായി സമാനമായി ക്രിമിനൽ കുറ്റങ്ങളിലൂടെ സർക്കാർ ഭൂമി കൈയടക്കിവച്ച ടാറ്റ, എ. വി.ടി, ടി.ആർ.ആൻഡ് ടി. തുടങ്ങിയവരും മാറും.
5.5 ലക്ഷം ഏക്കർ സർക്കാർ ഭൂമിയുടെ ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചു കൊടുക്കാനാണ് ഇപ്പോഴത്തെ കള്ളക്കളികൾ.
നിവേദിത പി. ഹരൻ റിപ്പോർട്ട്, ജസ്റ്റിസ് മനോഹരൻ റിപ്പോർട്ട്, ഡോ. സജിത് ബാബു റിപ്പോർട്ട്, രാജമാണിക്യം റിപ്പോർട്ട്, ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി, വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലെ കണ്ടെത്തലുകൾ ഇതിലെല്ലാം ഹാരിസണും കൂട്ടരും നിയമവിരുദ്ധമായാണ് ഭൂമി കൈയടക്കിയത് എന്ന് വ്യക്തമാക്കുന്നുണ്ട്. അക്കാര്യങ്ങൾ ഹൈക്കോടതിയിൽ ഫലപ്രദമായി ഉന്നയിക്കാതെ തോറ്റുകൊടുത്തിട്ട് ഇപ്പോൾ സർക്കാർ അവരുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള ഗൂഢനീക്കത്തിലാണ്. വൻ നഷ്ടമാണ് ഇതിലൂടെ സർക്കാരിനും ജനങ്ങൾക്കും വരാൻ പോകുന്നത്.
അപ്പീൽ, റിവ്യൂ ഉൾപ്പെടെയുള്ള നിയമനടപടികൾ യഥാസമയം സ്വീകരിക്കുന്നതിലും നിയമനിർമ്മാണം നടത്തി സർക്കാർ ഭൂമി സംരക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് സർക്കാർ വരുത്തിയിരിക്കുന്നതെന്നും നിവേദനത്തിൽ കുറ്റപ്പെടുത്തി.