തിരുവനന്തപുരം: സ്‌പെഷ്യൽ സ്‌കൂളുകളെയും ബഡ്‌സ് സ്‌കൂളുകളെയും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തിരിച്ചു സർക്കാർ ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്റി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു.
പഠിക്കുന്ന കുട്ടികളുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ, അദ്ധ്യാപകരുടെ യോഗ്യത, എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളെ മൂന്നു കാ​റ്റഗറിയായി തിരിക്കുന്നത്. എ ഗ്രേഡ് സ്കൂളുകൾക്ക് 83 ലക്ഷവും ബി വിഭാഗത്തിന് 51 ലക്ഷവും സി ഗ്രേഡിന് 19 ലക്ഷവും വീതം നൽകും. ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കാ​റ്റഗറി കണ്ടെത്തുകയെന്നും പി.സി. ജോർജിന്റെ സബ്മിഷനു മറുപടിയായി മന്ത്റി അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്‌​റ്റേ​റ്റ് ഇൻസ്​റ്റി​റ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് സ്‌പെഷ്യൽ സ്കൂളിനെ റിസർച്ച് ഇൻസ്​റ്റി​റ്റ്യൂട്ട് പദവിയിലേക്ക് ഉയർത്തും. ഭിന്നശേഷിയുള്ള കുട്ടികളെ അവരുടെ വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചെടുത്ത് അതിന് അനുയോജ്യമായ പാഠ്യപദ്ധതിയും മുതിർന്നവർക്കു അതിന് അനുസരിച്ചുള്ള തൊഴിൽ പരിചയവും നൽകുകയാണു ലക്ഷ്യം. തെറാപ്പി സെന്ററുകളുടെ പേരിലെ തട്ടിപ്പു തടയാൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. ഇതു വെബ്‌സൈ​റ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്റി അറിയിച്ചു.