tp-senkumar

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷൺ പ്രഖ്യാപിച്ചതിനെ വിമർശിച്ച മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കെയിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറി. പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്തെയും നീതിന്യായ വ്യവസ്ഥയെയും സെൻകുമാർ അപമാനിച്ചെന്നാണ് പരാതിയിൽ പറ‌ഞ്ഞിട്ടുള്ളത്.

നമ്പി നാരായണന് ബഹുമതിക്ക് അർഹതയില്ലെന്നും ഇത് അമൃതിൽ വിഷം വീണത് പോലെയാണെന്നുമായിരുന്നു സെൻകുമാറിന്റെ വിമർശനം. ഐ.എസ്.ആർ.ഒ ചാരക്കേസിൽ താൻ നൽകിയ നഷ്ടപരിഹാര ഹർജിയിലെ പ്രതിയാണ് സെൻകുമാറെന്നും അദ്ദേഹം ആരുടെയോ ഏജന്റാണെന്നുമാണ് ഇതിന് നമ്പി നാരായണന്റെ മറുപടി.

പരാമർശം വിവാദമായതിന് പിന്നാലെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ നമ്പി നാരായണനെ കോൺഗ്രസ് കുടുക്കിയതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശവും സെൻകുമാറിനെ പ്രതിരോധത്തിലാക്കി. സി.പി.എം, സി.പി.ഐ നേതാക്കളും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും സെൻകുമാറിനെതിരെ രംഗത്തു വന്നു. ബി.ജെ.പി, കോൺഗ്രസ് സംസ്ഥാന നേതൃത്വം അതേസമയം മൗനം പാലിച്ചു.

സെൻകുമാറിന്റെ പരാമർശം

അമൃതിൽ വിഷം വീണപോലെയാണ് നമ്പി നാരായണന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം. രാജ്യത്തിന് ഒരു സംഭാവനയും അദ്ദേഹം നൽകിയിട്ടില്ല. സുപ്രീംകോടതി സമിതി റിപ്പോർട്ട് വരുംവരെ അദ്ദേഹം പൂർണമായി കുറ്റവിമുക്തനല്ല. ചാരക്കേസ് ശരിയായി അന്വേഷിച്ചില്ലെന്ന് ബോദ്ധ്യമുണ്ട്. തെളിവുകൾ സുപ്രീംകോടതി സമിതിക്ക് നൽകും. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും പത്മ ലഭിക്കുമെന്ന ആശങ്കയുണ്ട്.

നമ്പി നാരായണന്റെ മറുപടി

സെൻകുമാറിന്റെ ആരോപണങ്ങൾ പരസ്പര വിരുദ്ധവും അബദ്ധവുമാണ്. അദ്ദേഹം ആരുടെ ഏജന്റാണെന്ന് അറിയില്ല. ചാരക്കേസ് അവസാനിച്ചതാണ്. ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാനാണ് സമിതി. എന്നെപ്പറ്റി അന്വേഷിക്കാനല്ല. സെൻകുമാർ സുപ്രീംകോടതി വിധിയുടെ പേരിൽ തെറ്റിദ്ധാരണ പരത്തുകയാണ്. എന്താണ് ഉദ്ദേശ്യമെന്നോ ആരാണ് പിന്നിലെന്നോ അറിയില്ല. ഞാൻ കൊടുത്ത നഷ്ടപരിഹാരക്കേസിലെ പ്രതിയാണ് സെൻകുമാർ.