തിരുവനന്തപുരം: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരുടെ തൊഴിൽ പ്രശ്നം പരിഹരിക്കുമെന്ന് ഗതാഗതമന്ത്റി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
സർക്കാർ മനഃപൂർവം ഇത്രയധികം ജീവനക്കാരെ ഒരുമിച്ചു പിരിച്ചു വിടുന്നുവെന്നാരോപിച്ച് പ്രതിപക്ഷവും ബി.ജെ.പി അംഗവും സഭയിൽനിന്ന് വാക്കൗട്ട് നടത്തി.
കെ.എസ്.ആർ.ടി.സിയിൽ വർഷങ്ങളായി ജോലി നോക്കി വന്ന 3861 എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ട സർക്കാർ നടപടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കെ.എസ്.ആർ.ടി.സി എം.ഡിക്ക് മുകളിൽ മുഖ്യമന്ത്റി മാത്രമേയുള്ളുവെന്ന് ധരിച്ച് കൈക്കൊള്ളുന്ന തൊഴിലാളി വിരുദ്ധ നിലപാടുകളാണ് ദോഷകരമാകുന്നതെന്ന് തിരുവഞ്ചൂർ ആരോപിച്ചു. മന്ത്റി പറയുന്നത് എം.ഡി കേട്ടില്ലെങ്കിൽ പിന്നെന്തിനു മന്ത്റി ആ സ്ഥാനത്തു തുടരണം. പുറത്തു പോകുന്നതാണു മന്ത്റിക്കു നല്ലത്. 2010 ഡിസംബറിൽ വി.എസ് സർക്കാർ ഇല്ലാത്ത ഷെഡ്യൂളിന്റെയും ബസിന്റെയും എണ്ണം സൃഷ്ടിച്ച് 9310 ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചതാണ് ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യത്തിന് ഇടയാക്കിയത്. തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചില്ലെന്നും തിരുവഞ്ചൂർ ചോദിച്ചു.
സർക്കാർ ഒരു തൊഴിൽ നിയമവും കാറ്റിൽ പറത്തിയിട്ടില്ലെന്നു മന്ത്റി എ.കെ. ശശീന്ദ്രൻ മറുപടി പറഞ്ഞു. എംപാനൽ ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കീഴ്‌ക്കോടതിയെ സമീപിക്കാനാണ് പറഞ്ഞതെന്നും ശശീന്ദ്രൻ പറഞ്ഞു.
മിടുക്കനായ പൊലീസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്നു മാറ്റി പൊലീസിലേക്ക് തിരികെ അയയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.