സർക്കാർ നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടി
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ പൊലീസ് നടപടി അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സ്വതന്ത്റമായി പ്രവർത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സർക്കാർ ഉറപ്പു വരുത്തും. അതിൽ നിന്നു വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവർക്കെതിരേ യുക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്റി അറിയിച്ചു.
സി.പി.എം ഓഫീസ് പരിശോധനയെ ഈ സമീപനത്തോടെയാണ് സർക്കാർ കാണുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി പരാതി നൽകിയിരുന്നു. നേതാക്കളുടെ പരാതി ഗൗരവമായി പരിശോധിക്കും. അതിനാലാണ് അന്വേഷണം നടത്താൻ ഡി.ജി.പിക്കു നിർദ്ദേശം നൽകിയത്.
മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കാണാൻ രാത്രിയിൽ സ്റ്റേഷനിലെത്തിയവരെ ജിഡി ചാർജുണ്ടായിരുന്ന ഉദ്യോഗസ്ഥ വിലക്കി. കാണാനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്ന് കൂടുതൽ പേർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി മുദ്റാവാക്യം മുഴക്കി. തുടർന്നുണ്ടായ സംഭവത്തിൽ സ്റ്റേഷനിലെ ജനൽ ചില്ലുകൾ പൊട്ടി 2000 രൂപയുടെ നാശനഷ്ടമുണ്ടായി. ഇതിലെ പ്രതികളെ കണ്ടെത്താനാണ് പൊലീസ് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ 24ന് അർദ്ധരാത്രിയോടെ പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ നടത്തേണ്ട നിയമപരമായ മാർഗത്തിലൂടെയാണു എസ്.പി ചൈത്രാ തെരേസാ ജോൺ പാർട്ടി ഓഫീസിൽ പരിശോധന നടത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷനിൽ ആരോപിച്ചു.