കല്ലമ്പലം :തടിക്കഷണംകൊണ്ട് തലയ്ക്ക് ചെറുമകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മൂമ്മ മരിച്ചു. കല്ലമ്പലം കുടവൂർച്ചിറ കാവുവിള വീട്ടിൽ പരേതനായ അബ്ദുൾ അസീസിന്റെ ഭാര്യ സൈനബാ ബീവി (80) യാണ് അടിയേറ്റതിന്റെ ആറാംമാസം മരണത്തിന് കീഴടങ്ങിയത്. ചെറുമകൻ സജിൻഷാ (22) യാണ് കൊടുംപാതകംകാട്ടിയത്.സൈനബാ ബീവിയുടെ മൂത്തമകൾ സബീനയുടെ മകനാണിയാൾ. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണമെന്ന് കേട്ടിരുന്നു. ഇയാൾ മനോരോഗിയാണെന്നും പറയുന്നുണ്ട് .
സജിൻഷായ്ക്കെതിരെ കൊലപാതക ശ്രമത്തിന് കല്ലമ്പലം പൊലീസ് അന്നേ കേസെടുത്തിരുന്നു. തുടർന്ന് അറസ്റ്റിലായ സജിൻഷായ്ക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. അമ്മൂമ്മ മരിച്ചസ്ഥിതിക്ക് , കേസിൽ കൊലപാതകംകൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. സബീന, ലൈല, സഫില എന്നിവരാണ് സൈനബാ ബീവിയുടെ മക്കൾ.