ramesh-chennithala

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഡിവൈ.എഫ്.ഐക്കാരെ മുഴുവൻ അറസ്​റ്റു ചെയ്യണമെന്നും, എസ്.പി ചൈത്രാ തെരേസാ ജോൺ ഒരു കു​റ്റവും ചെയ്തിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നത് തെ​റ്റായ സന്ദേശം നൽകുന്ന നടപടിയാണ്.പോക്സോ കേസിൽ പ്രതിയായ അണമുഖം റോഡ് കളത്തിൽ വീട്ടിൽ രാജീവൻ, ബന്ധുവും അയൽവാസിയുമായ കളത്തിൽവീട്ടിൽ ശ്രീദേവ് എന്നീ ഡി.വൈ.എഫ്.ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്​റ്റ് ചെയ്തത്. ഇവരെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാത്രിയിൽ മെഡിക്കൽ കോളേജ് സ്റ്റേഷനിലെത്തിയത്.

എസ്.ഐയുടെ മുറിയിൽ വേറെ പരാതിക്കാരുണ്ടെന്നും അവർ ഇറങ്ങിയശേഷം കാണാമെന്നും പറഞ്ഞപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചു. വലിയ സംഘം പ്രവർത്തകരുമായി തിരിച്ചെത്തി സ്​റ്റേഷൻ ഉപരോധിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. പൊലീസിന്റെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സി.പി.എമ്മുകാർക്കെതിരെ കേസെടുത്തെങ്കിലും അറസ്​റ്റ് ചെയ്യാനായില്ല. പ്രതികൾ സി.പി.എം ജില്ലാ കമ്മി​റ്റി ഓഫീസിലുണ്ടെന്ന ഉത്തമവിശ്വാസത്തിലാണ് ഡി.സി.പി ചൈത്ര അവിടെ പരിശോധന നടത്തിയത്.

പാർട്ടി ഓഫീസ് നിയമത്തിന് അതീതമാണെന്നും ഡി.സി.പി ഗൂഢോദ്ദേശ്യത്തോടെയാണ് റെയ്ഡ് നടത്തിയതെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറിയടക്കമുള്ളവർ പറയുന്നത്. അക്രമികളെ തൊടാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനും ധൈര്യപ്പെടരുതെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

റെയ്ഡ് ചെയ്തവരെ അന്ന്

നായനാർ അഭിനന്ദിച്ചു

1990ൽ ഇ.കെ. നായനാർ മുഖ്യമന്ത്റിയായിരുന്നപ്പോൾ സി.പി. എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ രണ്ട് കൗൺസിലർമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡ്രൈവർ ഗോപാലകൃഷ്ണനെ അറസ്​റ്റ് ചെയ്യാനായിരുന്നു റെയ്ഡ്. മുഖ്യമന്ത്റിയുടെ ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയായിരുന്നു അന്ന് പൊലീസ് കമ്മിഷണർ. റെയ്ഡിനെ ന്യായീകരിച്ചും പൊലീസ് നടപടിയെ അഭിനന്ദിച്ചും നായനാർ നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു.