തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്ക് ഇന്ധന നികുതി പത്ത് വർഷത്തേക്ക് ഒരു ശതമാനമാക്കി കുറച്ചത് പോലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് ഇളവ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കണ്ണൂർ വിമാനത്താവളം ഗ്രീൻ ഫീൽഡ് വിമാനത്താവളമായതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഭാരിച്ച ചെലവ് ഉണ്ടാകും.
നികുതി കുറച്ചതിനാൽ കൂടുതൽ വിമാന കമ്പനികളെ ആകർഷിക്കുന്നതിനും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സമീപനം സ്വീകരിച്ചതുകൊണ്ടാണ് ആഭ്യന്തര റൂട്ടുകളിൽ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിന് നടപ്പിലാക്കിയ റീജിയണൽ കണക്ടിവിറ്റി ഉഡാൻ സ്‌കീമിൽ കണ്ണൂർ വിമാനത്താവളത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞത്. ഇത് കണ്ണൂർ, കാസർകോട് ജില്ലകൾക്ക് പുറമേ ഈ വിമാനത്താവളത്തെ ആശ്രയിക്കുന്ന കർണാടകത്തിലെ യാത്രക്കാർക്കും പ്രയോജനകരമാണ്. മറ്റ് മൂന്ന് വിമാനത്താവളങ്ങൾക്കും നികുതിയിളവിന് അർഹതയില്ല. അതേസമയം മറ്റിടങ്ങളിലെ വിമാന സർവീസുകളിൽ കുറവുണ്ടായാൽ സർക്കാർ ഇടപെടുമെന്നും എ.പി. അനിൽകുമാർ, മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം എന്നിവരുടെ സബ്‌മിഷന് മുഖ്യമന്ത്രി മറുപടി നൽകി.