തിരുവനന്തപുരം: കേന്ദ്രം സ്വകാര്യവത്കരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം ലേലത്തിനെടുക്കാൻ സർക്കാരും കെ.എസ്.ഐ.ഡി.സിയും ചേർന്നുള്ള കൺസോർഷ്യം രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. തുടർ നടപടികൾ പുരോഗമിക്കുകയാണ്. സർക്കാരിന്റെ കമ്പനിക്ക് പരിധിയില്ലാത്ത റൈറ്റ് ഒഫ് ഫസ്റ്റ് റഫ്യൂസൽ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും 10 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിച്ചത്.
തിരുവിതാംകൂർ മഹാരാജാവ് കൈമാറിയ 258.06 ഏക്കറും സർക്കാർ കൈമാറിയ 8.29 ഏക്കറും ഏറ്റെടുത്ത് നൽകിയ 32.56 ഏക്കറും ചേർത്ത് 628 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കർ കൂടി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ലാഭത്തിലുള്ള വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്രം ഏകപക്ഷീയമായി തീരുമാനിച്ചത്. ഇത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കത്തയച്ചിട്ടുണ്ട്.
കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളുടെ നിർമ്മാണത്തിലും നടത്തിപ്പിലുമുള്ള സംസ്ഥാനത്തിന്റെ പരിചയം കണക്കിലെടുത്ത് തിരുവനന്തപുരത്തിന്റെ നടത്തിപ്പ് ഏല്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിമാനത്താവള നടത്തിപ്പിന് സർക്കാരിന്റെ കമ്പനിയുണ്ടാക്കാമെന്നും ഏറ്റെടുത്ത് നൽകിയ ഭൂമിയുടെ വിലയ്ക്ക് തത്തുല്യമായ ഓഹരി നൽകണമെന്നും കേന്ദ്രത്തെ അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. തുടർന്നാണ് സംസ്ഥാന സർക്കാർ സ്‌പോൺസർ ചെയ്യുന്ന 'തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് ' കമ്പനി രൂപീകരിച്ചത്.