book

തിരുവനന്തപുരം: നരേന്ദ്രമോദിയും അമിത്‌ഷായും ഓരോ തവണ കേരളത്തിൽ വരുമ്പോഴും ബി.ജെ.പിക്കു കിട്ടാനുള്ള വോട്ടുകൾ കുറയുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇപ്പോഴുള്ള ഒരു സീറ്റും നഷ്ടപ്പെടും. മോദിക്ക് ഇടയ്ക്കിടെ ഇങ്ങോട്ടു വരുന്ന കാശ് നഷ്ടപ്പെടുകയേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. റിനീഷ് തിരുവള്ളൂർ എഴുതിയ 'പിണറായി വിജയൻ: ദേശം, ഭാഷ, സംസ്‌കാരം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ ശ്രമിച്ചത് സുപ്രീം കോടതി വിധി നടപ്പാക്കാനാണ് വിധി നടപ്പാക്കേണ്ടെന്നാണു നിലപാടെങ്കിൽ അക്കാര്യം തുറന്നുപറയാനും നിയമനിർമ്മാണം നടത്താനും പ്രധാനമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നവർ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് വനിതാസംവരണ ബിൽ പാസാക്കാൻ തയ്യാറാകണം.

മോദിക്ക് പ്രസംഗം എഴുതിക്കൊടുക്കുന്നവർ കേരളത്തിന്റെ ചരിത്രം കൂടി പറഞ്ഞുകൊടുക്കണം. കമ്യൂണിസ്റ്റുകാർ വിശ്വാസികൾക്കെതിരാണെന്നാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എല്ലാവർക്കും ക്ഷേത്രപ്രവേശനത്തിനായി പി.കൃഷ്ണപിള്ളയും എ.കെ.ജിയുമെല്ലാം മുന്നിട്ടിറങ്ങിയ ചരിത്രം കേരളീയർക്കറിയാം- കോടിയേരി പറഞ്ഞു.

പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ നടനും സംവിധായകനുമായ മധുപാൽ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു.
ഡോ. പി എസ് ശ്രീകല അദ്ധ്യക്ഷയായ ചടങ്ങിൽ എ.വി അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ്, എസ്.കെ.സജീഷ്, ഡോ. മുഹമ്മദ് അഷീൽ എന്നിവർ സംസാരിച്ചു. സുമേഷ് ഇൻസൈറ്റ് സ്വാഗതവും റിനീഷ് തിരുവള്ളൂർ നന്ദിയും പറഞ്ഞു.