വാറണ്ടില്ലെങ്കിലും റെയ്ഡ് നടത്താം
തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതികളെ പിടിക്കാൻ അർദ്ധരാത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്.പി ചൈത്രാ തെരേസാ ജോണിന്റെ നടപടിയിൽ നിയമപരമായ വീഴ്ചയില്ലെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട്. വാറണ്ടില്ലെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ റെയ്ഡോ തെരച്ചിലോ നടത്തിയ ശേഷം റിപ്പോർട്ട് കോടതിയിൽ നൽകിയാൽ മതി. ചൈത്ര റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു.
അതേസമയം, സിറ്രി പൊലീസ് കമ്മിഷണറെയടക്കം അറിയിക്കാതെ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ റെയ്ഡിന് കയറിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്നലെ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് സമർപ്പിച്ചു. സർക്കാർ നിർദ്ദേശ പ്രകാരമായിരിക്കും ഡി.ജി.പിയുടെ തുടർ നടപടികൾ. റിപ്പോർട്ട് പരിശോധിച്ച ശേഷം വേണ്ടത് ചെയ്യുമെന്ന് ബെഹ്റ കേരളകൗമുദിയോട് പറഞ്ഞു. ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ ചൈത്രയ്ക്കെതിരെ താക്കീത് അടക്കം ഉണ്ടായേക്കാം.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രതികളെ കണ്ടെത്താനാണ് തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ചുമതല വഹിച്ചിരുന്ന ചൈത്ര കഴിഞ്ഞ വ്യാഴാഴ്ച രാത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയത്. കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളേജ് സി.ഐ ഉൾപ്പെടെയുള്ളവരുമായാണ് എസ്.പി പരിശോധനയ്ക്ക് പോയതെന്നും അടുത്ത ദിവസം തന്നെ സെർച്ച് റിപ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ നൽകിയെന്നും മനോജ് എബ്രഹാം റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതികൾ അവിടെ ഇല്ലായിരുന്നതിനാൽ മറ്റ് പ്രശ്‌നങ്ങൾക്കൊന്നും നിൽക്കാതെ ഉദ്യോഗസ്ഥർ മടങ്ങി. ഇതിലൊന്നും നിയമ ലംഘനമില്ല.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്റി പിണറായി വിജയന് പരാതി നൽകിയതിനു പിന്നാലെ ആഭ്യന്തരവകുപ്പ് ചൈത്രയോട് വിശദീകരണം തേടുകയും ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് എ.ഡി.ജി.പി അന്വേഷണം നടത്തി
യത്.
ഭർത്താവ് പാർട്ടി ഓഫീസിലെന്ന്
പറഞ്ഞില്ലെന്ന് പ്രതിയുടെ ഭാര്യ
പ്രതികളിലൊരാളുടെ ഭാര്യയെക്കൊണ്ട് ഫോൺ വിളിപ്പിച്ചപ്പോൾ താൻ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന് പ്രതി പറഞ്ഞെന്നും ഇതു പ്രകാരമാണ് റെയ്ഡെന്നും ചൈത്ര വിശദീകരിച്ചതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ, ഭർത്താവ് ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസ് നടപടിയിൽ പേടിച്ചുവിറച്ചാണ് താനും മക്കളും ജീവിക്കുന്നതെന്നാണ് അവരുടെ പരാതി. ഈ പരാതിയെക്കുറിച്ചും അന്വേഷണമുണ്ട്.