pinarayi

തിരുവനന്തപുരം: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തകർക്കാൻ കൂട്ടുനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിലെ സർക്കാർ പൈതൃകം തകർക്കുന്നതായി വിമർശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. കഴിഞ്ഞ ദിവസം തൃശൂരിൽ മോദി നടത്തിയ പ്രസംഗത്തിന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്റെ പത്താം ദേശീയ കോൺഫറൻസ് ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനും ക്രൈസ്തവ, മുസ്ളിം സമുദായത്തെ ആക്രമിക്കാനും സംഘപരിവാറിന് പിന്തുണ നൽകുന്ന മോദിയാണ് കേരളത്തിൽ വന്ന് ഇതു പറയുന്നത്. പഴയ ആർ.എസ്.എസ് പ്രചാരകനെ പോലെയാണ് മോദി സംസാരിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം പ്രധാനമന്ത്രിയെന്ന നിലയിൽ നിറവേറ്റിയോ എന്ന് മോദി ആത്മപരിശോധന നടത്തണമെന്നും പിണറായി പറഞ്ഞു.

കേരളത്തിന്റെ മണ്ണ് ബഹുസ്വരതയുടേതാണ്. ആ മണ്ണിനെ തകർക്കാമെന്ന മോദിയുടെ ആഗ്രഹം നടക്കാൻ പോകുന്നില്ല. ബി.ജെ.പിയുടെ അനുയായികൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നേരെ ശബരിമലയിൽ നടത്തിയ അതിക്രമങ്ങളെയാണ് മോദി എതിർക്കേണ്ടത്. ന്യൂനപക്ഷ, ഭൂരിപക്ഷ വേർതിരിവിന് കേരളത്തെ ഇരയാക്കാനുള്ള സംഘപരിവാർ ശ്രമം നടക്കാത്തതിന്റെ നിരാശയാണ് മോദിക്കെന്നും പിണറായി പറഞ്ഞു.

ബെഫി ജനറൽ സെക്രട്ടറി പ്രദീപ് വിശ്വാസ് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ,​ സംസ്ഥാന സെക്രട്ടറി എളമരം കരീം,​ എ.ഐ.ഇ.എ ജനറൽ സെക്രട്ടറി രമേഷ്,​ കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ളോയീസ് ജനറൽ സെക്രട്ടറി കെ.കൃഷ്ണൻ,​ എ.ഐ.എസ്.ജി.ഇ.എഫ് ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ,​ ബെഫി പ്രസിഡന്റ് നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.