തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി ദൂരസ്ഥലങ്ങളിൽ നിന്നും നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ചുരുങ്ങിയ ചെവലിൽ ഇനി സുരക്ഷിതമായി താമസിക്കാം. നഗരസഭയുടെ കീഴിലുള്ള ആദ്യ വനിതാ ലോഡ്ജ് ശ്രീകണ്ഠേശ്വരത്ത് തുറന്നു. ലോഡ്ജിലേക്കുള്ള ആദ്യ ബുക്കിംഗ് സ്വീകരിച്ച് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 8 പേർക്കുള്ള ഡോർമറ്ററിയും രണ്ട് ഡബിൾ റൂമുകളും ഉൾപ്പെടെ 12 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിലുള്ളത്. ഈ വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലൂടെ 75 ലക്ഷം രൂപ ചെലവഴിച്ച് ഒരു ബ്ലോക്ക് കൂടി പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മണക്കാട്, കഴക്കൂട്ടം എന്നിവിടങ്ങളിലും വനിതകൾക്ക് ലോഡ്ജുകൾ ആരംഭിക്കുമെന്ന് മേയർ അറിയിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ്.എസ്. സിന്ധു, കൗൺസിലർമാരായ കോമളവല്ലി, കാഞ്ഞിരംപാറ രവി, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ എസ്. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.