മൗണ്ട് മൗംഗാനൂയി : ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ്, ഏകദിന പരമ്പര വിജയങ്ങൾ നേടിയശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി. ഇന്നലെ മൗണ്ട് മൗംഗാനൂയിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ കിവികളെ കീഴടക്കിയത്.
ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 49 ഓവറിൽ 243ന് ആൾഔട്ടായപ്പോൾ 43 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും യുസ്‌വേന്ദ്ര ചഹലും ഭുവനേശ്വർ കുമാറും ചേർന്നാണ് കിവീസ് ബാറ്റിംഗിനെ വരിഞ്ഞുമുറുക്കി 243ൽ കെട്ടിയിട്ടത്. മറുപടി ബാറ്റിംഗിൽ അർദ്ധ സെഞ്ച്വറികളുമായി രോഹിത് ശർമ്മയും (62), വിരാട് കൊഹ്‌ലിയും (60) തിളങ്ങിയപ്പോൾ ധവാൻ (28), അമ്പാട്ടി റായ്ഡു (40), ദിനേഷ് കാർത്തിക് (38) എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കി ടീമിനെ പരമ്പര വിജയത്തിലെത്തിച്ചു. ഒൻപത് ഓവറിൽ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് മാൻ ഒഫ് ദ മാച്ച്.
ടോസിന്റെ ഭാഗ്യം ലഭിച്ച് ബാറ്റിംഗിന് ഇറങ്ങിയ കിവീസിന് പക്ഷേ, കഴിഞ്ഞ മത്സരങ്ങളിലേതുപോലെ തകർച്ചയായിരുന്നു. ഓപ്പണർമാരായ ഗപ്ടിലിനെയും (13), മൺറോയെയും (7) നഷ്ടമായതിനു ശേഷം കേൻ വിലസ്യംസൺ (28), റോസ് ടെയ്‌ലർ (93), ടോം ലതാം (51) എന്നിവർ പൊരുതി നോക്കിയെങ്കിലും വലിയ സ്കോറിലേക്ക് എത്താനായില്ല.
രണ്ടാം ഓവറിൽ മൺറോയെ രോഹിത്തിന്റെ കൈയിലെത്തിച്ച് ഷമിയാണ് ആതിഥേയർക്ക് ആദ്യപ്രവേശം നൽകിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിൽ ഗപ്ടിൽ ഭുവനേശ്വറിന്റെ ബൗളിംഗിൽ കീപ്പർ കാർത്തിക്കിന് കാച്ച് നൽകിയ കളം വിട്ടതോടെ കിവീസ് 26/2 എന്ന നിലയിലായി. തുടർന്ന് വില്യംസണും ടെയ്ലറും ചേർന്ന് പോരാട്ടം തുടങ്ങിയെങ്കിലും 17-ാം ഓവറിൽ ടീം സ്കോർ 59ൽ വച്ച് കിവീസ് നായകനെ ചഹൽ പാണ്ഡ്യയുടെ കൈയിലെത്തിച്ചു. വില്യംസണിന് പകരമെത്തിയ ലതാം ടെയ്‌ലർക്കൊപ്പം കൂട്ടിച്ചേർത്ത 119 റൺസാണ് ആതിഥേയ ഇന്നിംഗ്സിന് കരുത്തായത്. 17-ാം ഓവർ മുതൽ 38-ാം ഓവർവരെ ഈ സഖ്യം ക്രീസിലുണ്ടായിരുന്നു. എന്നാൽ, 38-ാം ഓവറിൽ ലതാമിനെ അമ്പാട്ടിയുടെ കൈയിലെത്തിച്ച് ചഹൽ സഖ്യം പൊളിച്ചു. 64 പന്തുകൾ നേരിട്ട ലതാം ഓരോ ഫോറും സിക്സും പറത്തിയിരുന്നു. 200ലെത്തുന്നതിനു മുമ്പ് നിക്കോൾസിനെയും (6), സാന്റ്നറെയും (3) കാർത്തിക്കിന്റെ ഗ്ളൗസിലെത്തിച്ചു പാണ്ഡ്യ.
46-ാം ഓവറിൽ ടീം സ്കോർ 222ൽ നിൽക്കവെ സെഞ്ച്വറിയിലേക്ക് കുതിച്ച ടെയ്‌ലറെ ഷമി കാർത്തിക്കിനെ ഏല്പിച്ചു. 106 പന്തുകളിൽ ഒൻപത് ബൗണ്ടറികളാണ് ടെയ്ലർ പായിച്ചത്. തുടർന്ന് സോധിയെയും (12), ഷമി പുറത്താക്കി. ബ്രേസ്‌വെൽ (15) കൊഹ്‌ലിയുടെ പന്തിൽ റൺ ഔട്ടായി. 49-ാം ഓവറിന്റെ അവസാന പന്തിൽ ബൗൾട്ടിനെ (2) ഷമിയുടെ കൈയിലെത്തിൽച്ച് ഭുവനേശ്വർ കിവീസ് ഇന്നിംഗ്സിന് കർട്ടനിട്ടു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ധവാനും രോഹിതും ചേർന്ന് പതിഞ്ഞ തുടക്കമാണ് നൽകിയത്. 27 പന്തുകളിൽ ആറ് ബൗണ്ടറികളടക്കം 28 റൺസടിച്ച ധവാനെ ഒൻപതാം ഓവറിൽ ബൗൾട്ട് ടെയ്ലറുടെ കൈയിലെത്തിച്ചു. തുടർന്ന് കൊഹ്‌ലി കളത്തിലേക്ക് ഇറങ്ങിയതോടെ കളി ഉഷാറായി. രോഹിതും കൊഹ്‌ലിയും ചേർന്ന് കൂട്ടിച്ചേർത്ത 113 റൺസ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു. 29-ാം ഓവറിലാണ് സാന്റ്നറെ ഇറങ്ങിയടിക്കാനുള്ള ശ്രമത്തിനിടെ രോഹിത് സ്റ്റംപ് ചെയ്യപ്പെട്ടത്. 77 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സും പായിച്ച രോഹിതിന് പിന്നാലെ കൊഹ്‌ലിയും കൂടാരം കയറി. 74 പന്തുകളിൽ ആറ് ഫോറും ഒരു സിക്സുമടിച്ച കൊഹ്‌ലി ബൗൾട്ടിന്റെ പന്തിൽ നിക്കോൾസിന് കാച്ച് നൽകുകയായിരുന്നു. തുടർന്ന് അമ്പാട്ടിയും കാർത്തിക്കും ചേർന്ന് 42 പന്തുകൾ ബാക്കി നിൽക്കെ ടീമിനെ വിജയത്തിലെത്തിച്ചു.
പരമ്പര ഇതുവരെ
ആദ്യ ഏകദിനം
ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം
രണ്ടാം ഏകദിനം
ഇന്ത്യയ്ക്ക് 90 റൺസ് ജയം
മൂന്നാം ഏകദിനം
ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം
നാലാം ഏകദിനം
ജനുവരി 31 - ഹാമിൽടൺ
അഞ്ചാം ഏകദിനം
ഫെബ്രുവരി 3 വെല്ലിംഗ്ടൺ
ധോണിക്ക് പരിക്ക്
പാണ്ഡ്യ ഇറങ്ങി
ഇന്നലെ പ്ളേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പേശി വലിവ് അനുഭവപ്പശട്ട മഹേന്ദ്രസിംഗ് ധോണിക്ക് പകരം ദിനേഷ് കാർത്തിക് വിക്കറ്റ് കീപ്പറുടെ റോളിൽ എത്തി. ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ വിജയ് ശങ്കറിന് പകരമെത്തി. ടി.വി. ചാനൽ ഷോയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് ആസ്ട്രേലിയൻ പര്യടനത്തിനിടെ വിലക്കിലായിരുന്ന പാണ്ഡ്യയുടെ തിരിച്ചുവരവായിരുന്നു ഇന്നലത്തേത്. 10 ഓവറിൽ 45 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.
കൊഹ്‌ലിക്ക് ഇനി വിശ്രമിക്കാം
ന്യൂസിലൻഡ് പര്യടനത്തിലെ ഇന്ത്യൻ നായകൻ കൊഹ്‌ലിയുടെ അവസാന മത്സരമായിരുന്നു ഇത്. അവസാന രണ്ട് ഏകദിനങ്ങളിലും ട്വന്റി -20 പരമ്പരയിലും കൊഹ്‌ലിക്ക് വിശ്രമം നൽകിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇന്നലത്തെ അർദ്ധ സെഞ്ച്വറിയടക്കം 148 റൺസ് സ്കോർ ചെയ്താണ് കൊഹ്‌ലി മടങ്ങുന്നത്. രോഹിത് ശർമ്മയാണ് ഇനി ഇന്ത്യയെ നയിക്കുക.
ലോക കപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് ശരിയായ പാതയിലാണെന്ന് കഴിഞ്ഞ അഞ്ച് മത്സരങ്ങൾ തെളിയിക്കുന്നു. ലോകകപ്പിൽ ഇന്ത്യയെ ടെൻഷനടിപ്പിക്കുന്ന കാര്യങ്ങളൊന്നുമില്ല.
-വിരാട് കൊഹ്‌ലി
ഇന്ത്യൻ ക്യാപ്ടൻ.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ന്യൂസിലൻഡിൽ ഏകദിന പരമ്പര നേടുന്നത്.
2008/09ലെ പര്യടനത്തിനായിരുന്നു ആദ്യ പരമ്പര നേട്ടം.
അന്ന് അഞ്ച് മത്സര പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
2014/15 സീസണിൽ ന്യൂസിലൻഡ് അഞ്ച് മത്സര പരമ്പര 4-0ത്തിന് നേടിയിരുന്നു.
സ്കോർ ബോർഡ്
ന്യൂസിലൻഡ് ബാറ്റിംഗ് : ഗപ്‌ടിൽ സി കാർത്തിക് ബി ഭുവനേശ്വർ 13, മൺറോ സി രോഹിത് ബി ഷമി 7, വില്യംസൺ സി പാണ്ഡ്യ ബി ചഹൽ 28, ടെയ്ലർ സി കാർത്തിക് ബി ഷമി 93, ലതാം സി റായ്ഡു ബി ചഹൽ 51, നിക്കോൾസ് സി കാർത്തിക് ബി പാണ്ഡ്യ 3, ബ്രേസ്‌വെൽ റൺഔട്ട് 15, സോധി സി കൊഹ്‌ലി ബി ഷമി 12, ബൗൾട്ട് സി ഷമി ബി ഭുവനേശ്വർ 2, ഫെർഗൂസൺ നോട്ടൗട്ട് 2, എക്സ്ട്രാസ് 11, ആകെ 49 ഓവറിൽ 243ന് ആൾ ഔട്ട്.
വിക്കറ്റ് വീഴ്ച : 1-10 '(മൺറോ), 2-26 (ഗപ്ടിൽ), 3-59 (വില്യംസൺ), 4-178 (ലതാം), 5-191 (നിക്കോൾസ്), 6-198 (സാന്റ്നർ), 7-222 (ടെയ്‌ലർ), 8-239 (സോധി), 9-239 (ബ്രേസ്‌വെൽ), 10-243 (ബൗൾട്ട്).
ബൗളിംഗ് : ഭുവനേശ്വർ 10-1-46-2, ഷമി 9-1-41-3, ചഹൽ 9-0-51-2, പാണ്ഡ്യ 10-0-45-2, കുൽദീപ് 8-0-39-0, കേദാർ 3-0-17-0.
ഇന്ത്യ ബാറ്റിംഗ് : രോഹിത് സ്റ്റംപ്ഡ് ലതാം ബി സാന്റ്നർ 62, ധവാൻ സി ടെയ്ലർ ബി ബൗൾട്ട് 27, കൊഹ്‌ലി സി നിക്കോൾസ് ബി ബൗൾട്ട് 60, അമ്പാട്ടി നോട്ടോൗട്ട് 40, കാർത്തിക് നോട്ടൗട്ട് 38, എക്സ്ട്രാസ് 17, ആകെ 43 ഓവറിൽ 248/3.