പാറശാല: കുറുങ്കുട്ടി സാൽവേഷൻ ആർമി എൽ.പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് 17 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം തയാറാക്കി. കുട്ടികൾ എഴുതിയ നല്ല തിരക്കഥകൾ തെരഞ്ഞെടുത്ത് വീണ്ടും എഡിറ്റിംഗിന് വിധേയമാക്കി മെച്ചപ്പെടുത്തിയാണ് 'അങ്ങനെ ഒരു ദിവസം ' എന്ന ചിത്രം നിർമ്മിച്ചത്. ഇവിടുത്തെ പൂർവ വിദ്യാർത്ഥിയും പിന്നീട് പ്രഥമാദ്ധ്യാപകനായി വിരമിക്കുകയും ചെയ്ത പൂമുഖത്ത് ബാലനും മുൻ പ്രഥമാദ്ധ്യാപിക ഫ്ലോറൻസും അദ്ധ്യാപകരും കുട്ടികളുമെല്ലാം കഥാപാത്രങ്ങളായി. അടിമലത്തുറയും ഗ്രാമീണ മേഖലയായ നെടുവാൻവിളയും ചില കുട്ടികളുടെ വീടും ക്ലാസ് മുറിയുമെല്ലാം ലൊക്കേഷനായി. സ്‌മിനേഷ് ജോണാണ് സംവിധാനം നിർവഹിച്ചത്. വിദ്യാർത്ഥികളായ ജി.എസ്. ശ്യാമ, അമൽജിത്ത്, ജെ.എൻ. കീർത്തന, ശമന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. റിപ്പബ്ലിക് ദിനത്തിൽ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. ഹെഡ്മിസ്ട്രസ് ജെ.എ. പ്രസന്ന, അദ്ധ്യാപകൻ എഡ്വിൻ സാമുവൽ, എസ്.ആർ.ജി കൺവീനർ ബ്രീസ്. കെ. ജേക്കബ് എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.