പാരീസ് : ആസ്ട്രേലിയൻ ഓപ്പണിലെ കിരീട നേട്ടത്തോടെ വനിതാ ടെന്നിസ് കോർട്ടിലെ ജാപ്പനീസ് പുഞ്ചിരി നവോമി ഒസാക്ക ഡബ്ളിയു.ടി.എ റാങ്കിംഗിലെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. പെട്ര ക്വിറ്റോവയെ തോൽപ്പിച്ച് മെൽബണിലെ കിരീടത്തിൽ മുത്തമിട്ട 21കാരിയായ ഒസാക്ക നാലാം റാങ്കിൽ നിന്നാണ് സിംഹാസനത്തിലേക്കുയർന്നത്. സിമോണ ഹാലെപ്പിനെയാണ് ഒന്നാം സ്ഥാനത്തു നിന്ന് ഒസാക്ക മാറ്റിയത്.
ഡബ്ളിയു.ടി.എ. റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരിയാണ് ഒസാക്ക. 2014ൽ ചൈനക്കാരിയായ നാലീ രണ്ടാം റാങ്കുവരെ എത്തിയിരുന്നു.
ഒസാക്ക കരിയറിൽ ആകെ മൂന്ന് കിരീടങ്ങളെ നേടിയിട്ടുള്ളൂ. പക്ഷേ, അതിൽ രണ്ടെണ്ണവും ഗ്ളാൻസ്ളാമുകളാണ്. കഴിഞ്ഞ യു.എസ്. ഓപ്പണിലായിരുന്നു ആദ്യ ഗ്രാൻസ്ളാം കിരീട നേട്ടം.
ഫൈനലിൽ ഒസാക്കയോട് തോറ്റ പെട്ര ക്വിറ്റോവ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഹാലെപ്പാണ് മൂന്നാംസ്ഥാനത്ത്.
വനിതാ ടോപ് 5
നവോമി ഒസാക്ക, പെട്ര ക്വിറ്റോവ, സിമോണ ഹാലെപ്പ്, സൊളാനെ സ്റ്റീഫൻസ്, കരോളിന എസ്കോവ.
പുരുഷ വിഭാഗത്തിൽ ആസ്ട്രേലിയൻ ഓപ്പൺ ജേതാവ് നൊവാക്ക് ജോക്കോവിച്ച് ഒന്നാം റാങ്ക് നിലനിറുത്തി. ഫൈനലിൽ നൊവാക്കിനോട് തോറ്റ നദാലാണ് രണ്ടാം സ്ഥാനത്ത്. റോജർ ഫെഡറർ മൂന്നാം സ്ഥാനത്തുനിന്ന് ആറാമതായി.
പുരുഷ ടോപ് 5
നൊവാക്ക്, നദാൽ, സ്വെരേവ്, ഡെൽപൊട്രോ, ആൻഡേഴ്സൺ.