തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായ ഒറ്റപ്പെട്ടയിടങ്ങളിൽ ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി നിരീക്ഷണം കർശനമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നിർദ്ദേശം. വിദേശ വനിത കൊല്ലപ്പെട്ട വാഴമുട്ടം, പനത്തുറ ഭാഗങ്ങളിലും പൂന്തുറ ആൾ ഇന്ത്യാ റേഡിയോയുടെ പരിസര പ്രദേശങ്ങളിലുമുൾപ്പെടെയാണ് പൊലീസ് പരിശോധന കർശനമാക്കുന്നത്. ഇന്നലെ പനത്തുറയിലെ ചെന്തിലകരിയുടെ കണ്ടൽകാട് പ്രദേശവും പൂന്തുറയിലെ വിവിധ പ്രദേശങ്ങളും കമ്മിഷണർ നേരിട്ടെത്തി നിരീക്ഷിച്ചു.

നിയമം ലംഘിച്ച് ആട്ടോ ഡ്രൈവർ, ചീട്ടുകളിക്കാർ, പൊതുസ്ഥലങ്ങളിലിരുന്ന് മദ്യപിച്ചവർ എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസമായി ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി കുടുങ്ങിയത്. അറുനൂറോളം ആട്ടോറിക്ഷകൾ പരിശോധിച്ചതിൽ അൻപതോളം ഡ്രൈവർമാരാണ് നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത്. യാത്രക്കാരിൽ നിന്ന് അമിതകൂലി ഈടാക്കിയവരും സവാരി വിളിച്ചിട്ട്‌ പോകാൻ വിസമ്മതിച്ചവരും മദ്യപിച്ച് വാഹനമോടിച്ചവരും സിറ്റി പെർമിറ്റില്ലാതെ നഗരത്തിൽ വാഹനമോടിച്ചവരുമാണ് പിടിയിലായത്.

ചീട്ടുകളി സംലങ്ങളെ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് നിരവധി പേർ പിടിയിലായി. വിവിധ സ്റ്റേഷൻ പരിധിയിൽ നടന്ന മിന്നൽ പരിശോധനകളിൽ പൊതുസ്ഥലങ്ങളിലിരുന്ന് മദ്യപിച്ച 200 പേരും, മദ്യപിച്ച് വാഹനമോടിച്ച 150പേരും പിടിയിലായി. കൂടാതെ നഗരത്തിൽ വ്യാപകമായി നടത്തിയ തെരച്ചിലിൽ വിവിധ വാറണ്ട്‌ കേസുകളിലുൾപ്പെട്ടെ 90പേരും പിടിയിലായി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.