തിരുവനന്തപുരം: ജപ്‌തി ഭീഷണി ഒഴിവാക്കി വീട് തിരികെ നൽകി യൂസഫലിയുടെ സഹായഹസ്‌തം. വെഞ്ഞാറമൂട് മരുതുംമൂട് ഗ്രീൻവില്ലയിൽ ഫസിലുദീൻ - ജുൽന ദമ്പതികൾക്കാണ് യൂസഫലി സഹായവുമായെത്തിയത്. വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ ജോലിചെയ്‌തിരുന്ന ഇവർ ജുൽനയുടെ അസുഖം കാരണമാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്ന് പെൺമക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഫസിലുദ്ദീന് കാലിന് സ്വാധീനക്കുറവുണ്ട്. ആകെ ഉണ്ടായിരുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തിയാണ് രണ്ട് മക്കളുടെ വിവാഹം നടത്തിയത്. ഇതേ വീട് പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ വായ്‌പയെടുത്താണ് മൂന്നാമത്തെ മകളുടെ വിവാഹവും നടത്തിയത്. മുട്ടക്കോഴി വില്പനയിൽ നിന്ന് കിട്ടുന്ന കാശുകൊണ്ട് വായ്‌പ അടയ്‌ക്കാമെന്ന് കരുതിയെങ്കിലും അതിന് സാധിച്ചില്ല. ജപ്‌തി നടപടികൾ ആരംഭിച്ചതോടെയാണ് ഫസിലുദ്ദീൻ സഹായം അഭ്യർത്ഥിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യൂസഫലിക്ക് കത്തയച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ അദ്ദേഹം 5.65 ലക്ഷം രൂപ ബാങ്കിൽ അടച്ച് പ്രമാണം ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ മുഖേന കൈമാറുകയായിരുന്നു.