കോട്ടയം: ചിന്നക്കനാലിൽ കൊല്ലപ്പെട്ട രാജേഷിന്റെ മൊബൈൽ ഫോണും പ്രതി ബോബിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും പുഴയിൽ കണ്ടെത്തി. സേനാപതി ഇല്ലിപ്പാലത്തിന് സമീപം പന്നിയാർ പുഴയിൽ ശാന്തമ്പാറ സി.ഐ എസ്. ചന്ദ്രകുമാർ, എസ്.ഐ ബി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തത്. പ്രതി ബോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സ് സ്‌കൂബാ സംഘവും ചേർന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.

കഴിഞ്ഞ 13നാണ് നടുപ്പാറയിൽ തോട്ടം ഉടമ രാജേഷും ജോലിക്കാരൻ മുത്തയ്യയും കൊല്ലപ്പെട്ടത്. മോഷ്ടിച്ച ഡസ്റ്റർ കാറിൽ പ്രതി ബോബിൻ, രാജേഷിന്റെ ടീ ഷർട്ട് ധരിച്ചാണ് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടത്. അതിനുമുമ്പാണ് മൊബൈൽ ഫോണുകളും രക്തം പുരണ്ട ഷർട്ടും മുണ്ടും പുഴയിലെറിഞ്ഞത്. തുടർന്ന് കൈയും മുഖവും കഴുകിയശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.