കോട്ടയം: നെടുങ്ങാടപ്പള്ളി കന്യാസ്ത്രീ മഠത്തിൽ പട്ടാപ്പകൽ മോഷണം. അലമാരിയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ നഷ്ടമായി. സെന്റ് ഫിലോമിനാസ് സ്കൂളിനോട് ചേർന്നുള്ള ആരാധനാ മഠത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. രാവിലെ 10നും 11.30നും ഇടയിലാണ് മോഷണം.
തുറന്നിട്ട പ്രധാന വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയത്. മദർ സുപ്പീരിയറിന്റെ മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.
മോഷണ വിവരം വൈകുന്നേരത്തോടെയാണ് മദർ അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ ശ്യാം മുരളിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു.
വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ മഠത്തിനുള്ളിലും പുറത്തിറങ്ങി സ്കൂൾ ബാത്ത് റൂം വരെയെത്തി നിന്നു. മുറിയിൽ നിന്ന് പണത്തോടൊപ്പം നഷ്ടമായ ബില്ലുകൾ ബാത്ത്റൂമിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.