തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നാനായി മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലീംലീഗിന്റെ സമുന്നത നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കുറി ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് അഭ്യൂഹം. വീണ്ടും കേരളത്തിലെ പാർലമെന്ററി രംഗത്തേക്ക് മടങ്ങിവരാനാണത്രേ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ മൂന്ന് സീറ്റുകൾ ചോദിക്കാനൊരുങ്ങുകയാണ് ലീഗ്. അതിനിടെയാണ് ഈ അഭ്യൂഹവും പുറത്തുവരുന്നത്.
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചില്ലെങ്കിൽ നിലവിൽ ലീഗിന്റെ രണ്ടാം മണ്ഡലമായ പൊന്നാനിയെ പ്രതിനിധീകരിക്കുന്ന ഇ.ടി. മുഹമ്മദ് ബഷീർ ഇവിടേക്ക് മാറുമെന്നും സൂചനയുണ്ട്. പകരം പൊന്നാനിയിൽ ലീഗിലെ യുവനേതാക്കളിൽ ആരെയെങ്കിലും മത്സരിപ്പിക്കും. അങ്ങനെയെങ്കിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് സാദ്ധ്യതയുണ്ടെന്നും കേൾക്കുന്നു. എന്നാൽ, ഇതേച്ചൊല്ലി പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടാൽ കാര്യങ്ങൾ ഏത് വഴിക്ക് നീങ്ങുമെന്ന് പറയാനാവില്ല.
മലപ്പുറം ലീഗിന്റെ ഉറച്ച കോട്ടയാണ്. എന്നാൽ, പൊന്നാനി ലോക്സഭാ മണ്ഡലത്തിൽപെടുന്ന തവനൂരിലും താനൂരിലും പൊന്നാനിയിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. വോട്ടിംഗ് കണക്കുകളിൽ പൊന്നാനി യു.ഡി.എഫിന് വിജയസാദ്ധ്യതയുള്ള സീറ്റാണെന്ന് കണക്കുകൂട്ടുന്നുണ്ടെങ്കിലും ഇടതുമുന്നണി കരുത്തനായ സ്ഥാനാർത്ഥിയെ നിറുത്തി ഇക്കുറി പോരാട്ടം കടുപ്പിക്കും. അതിനാൽ, പൊന്നാനിയിൽ ഇ.ടിയെതന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായേക്കാം. അതേസമയം, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കില്ലെന്ന അഭ്യൂഹം ലീഗ് നേതാക്കൾ തള്ളിക്കളയുന്നു.
കേന്ദ്രത്തിൽ യു.പി.എ സർക്കാർ അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി കേന്ദ്രമന്ത്രിയാവാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാൽ, ഇക്കുറി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുമെന്ന പ്രതീക്ഷയിൽതന്നെയാണ് ലീഗ് അണികൾ. മുത്തലാഖ് ബില്ലിൽ പാർലമെന്റിൽ വോട്ടെടുപ്പ് നടന്നപ്പോൾ കുഞ്ഞാലിക്കുട്ടി എത്താതിരുന്നത് ഏറെ വിവാദമുയർത്തുകയും ഇക്കാര്യത്തിൽ പാർട്ടിക്ക് വിശദീകരണം നൽകുകയും ചെയ്തിരുന്നു. അതിനിടെയാണ് പുതിയ അഭ്യൂഹം പരക്കുന്നതെന്നതും ശ്രദ്ധേയം.
മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുമ്പ് ലീഗ് നിയമസഭാ കക്ഷി നേതാവായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി
ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇടതുമുന്നണിയിലെ എം.ബി ഫൈസലിനെ പരാജയപ്പെടുത്തി മികച്ച ഭൂരിപക്ഷത്തോടെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. പാർലമെന്റ് അംഗമാകുന്നത് ആദ്യം.
വേങ്ങരയിൽ നിന്നുള്ള എം.എൽ.എയായിരുന്നു അതുവരെ. എം.പിയായതോടെ എം.എൽ.എ സ്ഥാനം രാജിവച്ചു. വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ലീഗിലെ കെ.എൻ.എ ഖാദർ.