തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനമുള്ള തടവുകാർ എളുപ്പത്തിലും പലപ്പോഴും പരോളിലിറങ്ങുമ്പോൾ സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലും രണ്ട് ഓപ്പൺ ജയിലുകളിലുമായി പരോൾ കിട്ടാതെ കഴിയുന്നത് 967 തടവുകാർ! ഇതിൽ 20 വർഷത്തിലധികമായി പരോൾ കിട്ടാത്തവർ 83 പേരുണ്ട്. പരോൾ കിട്ടാത്തവരിൽ കൂടുതലും പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഇവിടെ ആകെയുള്ള 1,457 തടവുകാരിൽ 513പേർ ജീവപര്യന്തക്കാരാണ്. അതിൽ 127പേർക്ക് മാത്രമാണ് പരോൾ ലഭിച്ചത്.
റിപ്പോർട്ട് പ്രധാനം
പൊലീസിന്റെയും സാമൂഹ്യക്ഷേമ വകുപ്പ് പ്രൊബേഷൻ ഓഫീസറുടെയും റിപ്പോർട്ട് പ്രകാരമാണ് പരോൾ അനുവദിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾക്കോ, തടവുകാരന്റെയോ, ഇരയുടെ കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്നും കുറ്റം ആവർത്തിക്കാൻ സാദ്ധ്യതയില്ലെന്നും പൊലീസ് ഉറപ്പാക്കണം. തടവുകാരൻ മുങ്ങാൻ സാദ്ധ്യതയില്ലെന്നും സംരക്ഷണത്തിന് ബന്ധുക്കളോ ആശ്രിതരോ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും പൊലീസിന്റെ ബാദ്ധ്യതയാണ്. പ്രൊബേഷൻ ഓഫീസറും ഇക്കാര്യങ്ങൾ പരിശോധിച്ച് ശുപാർശ ചെയ്താലേ പരോൾ അപേക്ഷയിൽ തീരുമാനമാകൂ.
പരോൾ
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടാൽ കുറഞ്ഞത് രണ്ട് വർഷത്തെ ശിക്ഷ കഴിഞ്ഞേ പരോളിന് അപേക്ഷിക്കാനാകൂ. സൂപ്രണ്ടിന് നൽകുന്ന അപേക്ഷ ലോക്കൽ പൊലീസിന്റെയും പ്രൊബേഷൻ ഓഫീസറുടെയും ശുപാർശയോടെ ജയിൽ ഡി.ജി.പിയ്ക്ക് സമർപ്പിക്കും. ജയിൽ ഡി.ജി.പിയ്ക്കാണ് ആദ്യപരോൾ അനുവദിക്കാനുള്ള അധികാരം. ഒരുവർഷം പരമാവധി രണ്ടുമാസമാണ് പരോൾ.
ജീവപര്യന്തം തടവെന്നാൽ ജീവിതകാലം മുഴുവനുള്ള ശിക്ഷയെന്നാണ്. ശിക്ഷാകാലത്ത് തടവുകാരനുണ്ടാകുന്ന മാനസാന്തരവും സ്വഭാവമാറ്റവും കണക്കാക്കി മനുഷ്യത്വം പരിഗണിച്ച് ശിക്ഷയിൽ ഇളവ് അനുവദിക്കാൻ സർക്കാരിന് അധികാരമുണ്ട്. പതിനഞ്ച് വർഷം പിന്നിട്ട അർഹരായ തടവുകാരെ ശിക്ഷാ ഇളവ് അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ തീരുമാനപ്രകാരം മോചിപ്പിക്കും.
ചീഫ് വെൽഫയർ ഓഫീസർ, സെൻട്രൽ ജയിൽ.