തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ പൊള്ളയായ വാഗ്ദാനങ്ങൾ മുന്നോട്ട് വയ്ക്കുന്നതിൽ ഒരു കക്ഷിയും പിന്നിലല്ല. എന്നാൽ ജനങ്ങൾക്കിടയിൽ സാക്ഷരത വർദ്ധിക്കുകയും വായിച്ചും കണ്ടറിഞ്ഞും യാഥാർത്ഥ്യം മനസിലാക്കുകയും ചെയ്യുന്ന തലമുറയെ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കാൻ അത്ര എളുപ്പമല്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണം 2014 ലെ തിരഞ്ഞെടുപ്പിനു മുൻപ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയും ജനങ്ങൾക്ക് നൽകിയ ആ കലക്കൻ വാഗ്ദാനമാണ്. തങ്ങളെ തിരഞ്ഞെടുത്താൽ രാജ്യത്തെ അതിസമ്പന്നരായ ആൾക്കാർ വിദേശത്ത് ഒളിപ്പിച്ചു സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം അപ്പാടെ പിടിച്ചെടുത്ത് ഇവിടത്തെ ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നായിരുന്നു വീമ്പിളക്കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറിയതോടെ പ്രധാനമന്ത്രിയും പാർട്ടിക്കാരും ആ വാഗ്ദാനം മറന്നെങ്കിലും ജനങ്ങൾ അത് ഓർത്തുവച്ചിരുന്നു. പൊതുവേദികളിലെല്ലാം എവിടെ ആ പതിനഞ്ചുലക്ഷം എന്ന ചോദ്യമുയരാൻ തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ എന്നായി മറുചോദ്യം. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങളേ ജനങ്ങൾ മുൻപാകെ അവതരിപ്പിക്കാവൂ എന്ന് പിന്നീട് പാർട്ടിയിലെ ചില വിവേകമതികൾ പറയുകയും ചെയ്തു. ഏതായാലും പ്രതിപക്ഷ പാർട്ടികൾക്ക് എപ്പോഴും എവിടെയും ഭരണകക്ഷിക്കെതിരെ ഉപയോഗിക്കാനുള്ള മുള്ളുവടിയായി മാറി ഈ കപട വാഗ്ദാനം.
വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എല്ലാ കക്ഷികളുടെയും നേതാക്കൾ ജനത്തെ വലയിൽ വീഴ്ത്താനുള്ള പുതു പുത്തൻ വാഗ്ദാനങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. 2014 ൽ എവിടെയും ഉറക്കെ കേട്ടത് പതിനഞ്ചു ലക്ഷത്തിന്റെ സൗജന്യ ബാങ്ക് നിക്ഷേപത്തെക്കുറിച്ചായിരുന്നുവെങ്കിൽ ഇക്കുറി കേൾക്കാൻ പോകുന്നത് കോൺഗ്രസിന്റെ വകയാണ്. കോൺഗ്രസിനെ അധികാരത്തിലേറ്റിയാൽ രാജ്യത്തെ മുഴുവൻ പാവപ്പെട്ട കുടുംബങ്ങൾക്കും ബാങ്ക് വഴി മിനിമം വരുമാനം ഉറപ്പാക്കുമെന്നാണ് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. ഛത്തീസ്ഗഢിൽ കഴിഞ്ഞ ദിവസം കർഷകരുടെ ഒരു റാലിയിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. തങ്ങൾക്ക് ഭരണം ലഭിച്ചാൽ കാർഷിക കടങ്ങൾ അപ്പാടെ എഴുതിത്തള്ളുമെന്ന് നേരത്തെ നൽകിയ വാഗ്ദാനത്തിനു പുറമെയാണ് ചരിത്രപരമെന്ന് പറയാവുന്ന ഇപ്പോഴത്തെ പ്രഖ്യാപനം. രാജ്യത്ത് ഇനിയാരും വിശന്നു കഴിയരുത്. പാവപ്പെട്ടവരായി തുടരുകയുമരുത് എന്ന ആഗ്രഹചിന്തയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഈ പുതിയ ക്ഷേമപദ്ധതി മുന്നോട്ട് വയ്ക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. പദ്ധതി നടപ്പാക്കാനാവശ്യമായ പണം ഉറപ്പാക്കിക്കൊണ്ടായിരിക്കും അതിനു മുന്നിട്ടിറങ്ങുക. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പദ്ധതിയുടെ വിശദാംശങ്ങൾ ഉണ്ടാകുമെന്നാണ് വാഗ്ദാനം.
രാജ്യത്ത് പാവപ്പെട്ടവർക്കും ദരിദ്രർക്കും കുറവൊന്നുമില്ലാത്തതിനാൽ ഇതുപോലുള്ള ക്ഷേമപദ്ധതികൾ ഏതു തിരഞ്ഞെടുപ്പിലും മുഖ്യ ആകർഷണങ്ങളായി മാറാറുണ്ട്. എന്നാൽ അധികാരം ലഭിച്ച് ഭരിക്കാൻ തുടങ്ങുമ്പോഴാകും പ്രായോഗിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടിവരുന്നത്. ഉല്പാദനപരമല്ലാത്ത കാര്യങ്ങൾക്കായി കണക്കിലേറെ വിഭവം മാറ്റിവയ്ക്കേണ്ടിവരുമ്പോൾ തളരുന്നത് ഉല്പാദന - തൊഴിൽ മേഖലകളാണ്. തൊഴിലില്ലായ്മയാണ് ദാരിദ്ര്യത്തിന്റെ പ്രധാന ഉറവിടം. കാർഷിക - വ്യാവസായിക രംഗങ്ങളിൽ വളർച്ച ഉറപ്പാക്കിയാലേ കൂടുതൽ തൊഴിലവസരങ്ങളും അതുവഴി പാവപ്പെട്ട കുടുംബങ്ങൾക്ക് അഭിവൃദ്ധിയും കൈവരികയുള്ളൂ. തുച്ഛമായ സാമ്പത്തികസഹായം നൽകി പാവപ്പെട്ട കുടുംബങ്ങളെ ഉദ്ധരിച്ചുകളയാമെന്നത് വ്യാമോഹമായി കലാശിക്കുമെന്നിരിക്കെ എടുത്താൽ പൊങ്ങാത്ത വാഗ്ദാനങ്ങളുമായി ജനങ്ങളുടെ അടുത്തേക്ക് പോകാതിരിക്കുന്നതാകും ഉചിതം. സ്വപ്നവാഗ്ദാനങ്ങളിൽ ജനങ്ങളുടെ മനസ് അതിവേഗം ഉടക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതു ഫലപ്രാപ്തിയിലെത്തിക്കേണ്ട ഘട്ടമെത്തുമ്പോഴാണ് അപകടം തിരിച്ചറിയുക. സ്വപ്നങ്ങൾ മാത്രം കാണിച്ച് ജനത്തെ കബളിപ്പിക്കാനാവില്ലെന്ന കേന്ദ്രമന്ത്രിയും ബി.ജെ.പിയിലെ സീനിയർ നേതാക്കളിലൊരാളായ നിതിൻ ഗഡ്കരിയുടെ വാക്കുകൾ ഇത്തരുണത്തിൽ സ്മരണീയമാണ്. യാഥാർത്ഥ്യമാക്കാൻ കഴിയുന്ന സ്വപ്നങ്ങൾ മാത്രമേ ജനങ്ങളോട് പറയാവൂ. കപട വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചാൽ പിന്നീട് ജനം ചൂലെടുത്തെന്നുവരുമെന്ന ഗഡ്കരിയുടെ പരാമർശം ശ്രദ്ധേയമാണ്. എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും മാസംതോറും മിനിമം വേതനമെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവന വന്ന ദിവസം തന്നെയാണ് ഗഡ്കരിയുടെ അഭിപ്രായവും പുറത്തുവന്നത്. രാഹുലിനെ ഉദ്ദേശിച്ചാണ് ഗഡ്കരിയുടെ പരാമർശമെന്ന് ഭരണപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങൾ അഭിപ്രായപ്പെടുമ്പോൾ സ്വന്തം നേതാവിനെത്തന്നെയാണ് അദ്ദേഹം ഉന്നം വയ്ക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ സമാധാനിക്കുന്നു. ഉന്നം വച്ചത് ആരെയാണെങ്കിലും പറഞ്ഞുവച്ച കാര്യം ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തം തന്നെയെന്നതിൽ സംശയമില്ല. വാഗ്ദാനങ്ങൾ നൽകി എല്ലാവരെയും എല്ലാകാലത്തും കബളിപ്പിക്കാനാവില്ലെന്ന ബോദ്ധ്യം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഉണ്ടാകണം. പ്രകടനപത്രിക തയ്യാറാക്കുമ്പോൾ ജനങ്ങളുടെ ഓർമ്മശക്തിയെക്കുറിച്ചു കൂടി നേതാക്കൾ അറിയണം. വാരിക്കോരി വാഗ്ദാനങ്ങൾ നിരത്തി വോട്ടർമാരെ പറ്റിക്കാമെന്ന അബദ്ധ ധാരണ തിരുത്തുകതന്നെവേണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയകക്ഷികൾ നിരത്തുന്ന വാഗ്ദാനങ്ങൾക്കും വേണം മിനിമം ഗ്യാരണ്ടി.