ust

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ യു.എസ്.ടി ഗ്ളോബലും പ്രമുഖ ആരോഗ്യ സാങ്കേതിക സ്ഥാപനമായ മൈഡോക്ക് ഡിജിറ്റൽ ടെക്‌നോളജി സൊല്യൂഷൻസും സംയുക്ത സംരംഭത്തിന് തുടക്കമിട്ടു. കോർപ്പറേറ്റ് കമ്പനികളിലെ ജീവനക്കാർക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള സാങ്കേതിക, കൺസൾട്ടിംഗ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

'ഡിജിറ്റൽ മാനേജ്‌ഡ് കെയർ" എന്ന സംരംഭം ബംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുക. തുടക്കത്തിൽ യു.എസ്.ടി ഗ്ളോബലിലെ 14,000ഓളം ജീവനക്കാർക്കും പിന്നീട് ബാങ്കിംഗ്, ഐ.ടി., പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ രംഗത്തുള്ളവർക്കും സംരംഭത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് മൈഡോക്ക് സഹസ്ഥാപകയും സി.ഇ.ഒയുമായ സ്‌നേഹൽ പട്ടേലും യു.എസ്.ടി ഗ്ളോബൽ സി.ഇ.ഒ സാജൻ പിള്ളയും പറഞ്ഞു. വിവിധ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, മരുന്നു കമ്പനികൾ, ഡയഗ്‌നോസ്‌റ്റിക്ക് ലാബുകൾ എന്നിവയുമായി നേരിട്ട് പങ്കാളിത്തം ഉറപ്പിച്ചായിരിക്കും പുതിയ സംരംഭം പ്രവർത്തിക്കുക.