തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ പൊലീസുകാരെ തല്ലിച്ചതച്ച കേസിൽ ഒളിവിലാണെന്ന് പൊലീസ് പറയുന്ന എസ്.എഫ്.ഐ നേതാവ് കൺമുന്നിലെത്തിയിട്ടും തൊടാൻ കഴിയാതെ പൊലീസ്. പാളയത്ത് ട്രാഫിക് ലംഘനം ചോദ്യംചെയ്‌ത പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലും തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്സിറ്റി കോളേജിൽ പങ്കെടുത്ത പൊതുപരിപാടിയുടെ സദസിൽ ഉണ്ടായിരുന്നത്. നസീമും കൂട്ടാളിയും ഒളിവിലാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ കന്റോൺമെന്റ് പൊലീസ് ആദ്യവസാനം പരിപാടിയിൽ ഉണ്ടായിട്ടും പ്രതിയെ കണ്ടഭാവം നടിച്ചില്ല. സി.ഐമാർ അടക്കമുള്ള പൊലീസുകാർ മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ സുരക്ഷയൊരുക്കാനെത്തിയിരുന്നു. നസീം വനിതാമതിൽ ഉൾപ്പെടെയുള്ള സി.പി.എം പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നേരത്തേ ഉയർന്ന ആക്ഷേപം ശരിവയ്‌ക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവം. നിരവധി കേസുകളിൽ പ്രതിയായ നസീം അറസ്റ്റിലായാൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതിനാൽ ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് പൊലീസ് സംരക്ഷണം നൽകുന്നതെന്നാണ് വിവരം. നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മർദ്ദനത്തിൽ പരിക്കേറ്റ പൊലീസുകാരന്റെ മാതാപിതാക്കൾ നൽകിയ പരാതിയും പൂഴ്‌ത്തിയിരിക്കുകയാണ്. അതേസമയം നസീമിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കന്റോൺമെന്റ് സി.ഐ പറഞ്ഞു. നസീം ഉൾപ്പെടെ കേസിൽ ആറ് പ്രതികളാണുള്ളത്. ഇതിൽ നാല് പേർ അറസ്റ്റിലായി. നസീമിനെ കൂടാതെ പിടികൂടാനുള്ള മറ്റൊരാളുടെ മുഖം സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമല്ല. ഇക്കാര്യങ്ങൾ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഡിസംബർ 12ന് പാളയം യുദ്ധസ്‌മാരകത്തിന് സമീപമായിരുന്നു സംഭവം. നിയമം ലംഘിച്ചതിന് ബൈക്ക് തടഞ്ഞ എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാരെയാണ് പത്തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്. കേസിലെ പ്രതികളായ ആരോമൽ, ശ്രീജിത്ത്, അഖിൽ, ഹൈദർ എന്നിവർ പൂജപ്പുര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.