hacking

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ഇലക്ഷൻ കമ്മിഷൻ പ്രതിനിധികൾ ഫെബ്രുവരിയിൽ സംസ്ഥാനത്തെത്തും. ചീഫ് സെക്രട്ടറി , ചീഫ് ഇലക്ടറൽ ഓഫീസർ, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായി കമ്മിഷൻ കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിംഗ് നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

മാവോയിസ്റ്ര്, തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനമേഖല കണ്ടെത്താൻ കമ്മിഷൻ ഡി.ജി.പിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രശ്നസാദ്ധ്യതയുള്ളവ, അതീവ പ്രശ്നസാദ്ധ്യതയുള്ളവ എന്നിങ്ങനെ വോട്ടിംഗ് കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കും. ഒരേ സ്ഥലത്ത് മൂന്നു വർഷം പൂർത്തിയാക്കിയ എസ്.ഐ മുതൽ ഐ.ജി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഫെബ്രുവരിയിൽ പൂർത്തിയാക്കണമെന്നും, ഇവ‌ർക്ക് സ്വന്തം ജില്ലയിൽ നിയമനം നൽകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പു സുരക്ഷയ്ക്ക് എത്ര കമ്പനി കേന്ദ്ര സേന ആവശ്യമായി വരുമെന്ന കാര്യം നേരത്തേ അറിയിക്കണം.

കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായവയിൽ, ഇനിയും തീരുമാനമാകാത്ത കേസുകളിൽ സത്വര നടപടി സ്വീകരിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുള്ള ഫണ്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് ലഭ്യമാക്കാനും, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഒഴിവുകൾ വേഗത്തിൽ നികത്താനും കമ്മിഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.